റേഷൻ കാര്‍ഡും ആധാറും വേണ്ട, ഓൺലൈൻ സൗകര്യവും വരും, 29 രൂപയുടെ ഭാരത് അരിയും കടലയും കേരളത്തിലും വിൽപ്പന തുടങ്ങി
29 രൂപയ്ക്ക് അരി, കടലപ്പരിപ്പിനും വിലക്കുറവ്, കേരളത്തിലും വിൽപ്പന തുടങ്ങി 'ഭാരത്', ഓൺലൈനായും വാങ്ങാൻ അവസരമൊരുങ്ങുന്നു
തൃശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ 'ഭാരത്' അരിവില്‍പ്പന കേരളത്തില്‍ ആരംഭിച്ചു. വില്‍പ്പനയുടെ സംസ്ഥാന തല ഉദ്ഘാടനം തൃശൂരില്‍ നടന്നു. കിലോയ്ക്ക് 29 രൂപയാണ് അരിയുടെ വില. നാഷനല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷനാണ് വിതരണച്ചുമതല. അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വില്‍ക്കുന്നത്. അരിക്കു പുറമെ കടലപ്പരിപ്പും പൊതു വിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. കടലപ്പരിപ്പിന് കിലോയ്ക്ക് 60 രൂപയാണ് വില.
എഫ് സി ഐ ഗോഡൗണുകളില്‍നിന്ന് അരിയും പരിപ്പും പ്രത്യേകം പായ്ക്ക് ചെയ്താണ് വിതരണത്തിന് എത്തിക്കുന്നത്. മില്ലേഴ്‌സ് അസോസിയേഷന്‍ മുഖേനയാണ് വിതരണം. ഒരാഴ്ചയ്ക്കകം എല്ലാ ജില്ലകളിലും സാധനങ്ങളുമായി വാഹനങ്ങള്‍ എത്തുമെന്നാണ് വിവരം. കിലോയ്ക്ക് 25 രൂപയ്ക്ക് നേരത്തെ സവാള വിറ്റിരുന്നു.
പ്രത്യേകം തയാറാക്കിയ പിക്കപ്പ് വാനുകളിലാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2023 ഡിസംബറിലാണ് ഇത്തരത്തില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടി തുടങ്ങിയത്. അന്ന് പരിപ്പും സവാളയും ഗോതമ്പ് പൊടിയുമായിരുന്നു വിതരണം ചെയ്തത്. ഏകദേശം നൂറോളം വാഹനങ്ങളായിരുന്നു വിതരണത്തിന് അന്ന് നിരത്തിലിറങ്ങിയത്. തൃശൂരിന് പുറമേ തിരുവനന്തപുരത്തും സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പരിപാടി കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബി ജെ പി. ഏറ്റവും പ്രതീക്ഷ പുലര്‍ത്തുന്ന തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിലക്കയറ്റം കൊണ്ട് സാധാരണക്കാര്‍ പൊറുതി മുട്ടുന്ന അവസരത്തില്‍ ഇത്തരം വണ്ടികള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഉന്നത ബി ജെ പി വൃത്തങ്ങള്‍ക്കുള്ളത്. തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ലക്ഷ്യമിട്ടാണ് അരിക്കച്ചവടം എന്ന വിമര്‍ശനവും ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ട്രോളുകളും വന്നു. 'ഈ പരിപ്പ് ഇവിടെ വേവില്ല' എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്.
ഓണ്‍ലൈന്‍ മുഖേനയും അരി വാങ്ങാന്‍ ഉടന്‍ സൗകര്യം നിലവില്‍ വരും. അതേസമയം കേന്ദ്രത്തിന്റ അരി വില്‍പ്പന രാഷ്ട്രീയ മുതലെടുപ്പെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍. അനില്‍ പ്രതികരിച്ചു. ബി ജെ പി. പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് സാധനങ്ങള്‍ ലഭ്യമാകുന്നത്. നേരത്തെ 25 രൂപയ്ക്ക് സവാള വിതരണം ചെയ്തത് വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെങ്കിലും ഭൂരിഭാഗം സാധാരണക്കാര്‍ക്കും സവാള ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം