'വെള്ളക്കരം വര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍', ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി
വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്.
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്. ജനത്തിന്‍റെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായ ബജറ്റ് അവതരണ ദിനമായ വെള്ളിയാഴ്ച്ച ആണ് ഉത്തരവ് ഇറങ്ങിയത്. മാർച്ച് മുതലായിരിക്കും പുതിയ നിരക്ക് എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ മുന്നറിയിപ്പ് നൽകാതെ നേരത്തെ ഉത്തരവ് ഇറക്കുകയായിരുന്നു. പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിൽ ആയി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് കൂട്ടിയ നിരക്ക് കണക്കാക്കിയാകും അടുത്ത തവണ ബില്ല് വരിക. കെഎസ്ഇബി നിരക്ക് വര്‍ദ്ധനയും ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രഖ്യാപനത്തിനും പിന്നാലെയാണ് വെള്ളക്കരവും കൂട്ടിയത്.