കൊവിഡ് കിറ്റുകളുടെ കൃത്യത പരിശോധിക്കാം; കേരളത്തില്‍ ആദ്യമായി നേട്ടം സ്വന്തമാക്കി രാജീവ് ഗാന്ധി സെന്‍റർ
c
തിരുവനന്തപുരം: കൊവിഡ് പരിശോധനാ കിറ്റുകളുടെ കൃത്യത പരിശോധിക്കാനുളള അംഗീകാരം കിട്ടിയത് വലിയ നേട്ടമെന്ന് രാജീവ് ഗാന്ധി സെന്‍റർ. കേന്ദ്ര സർക്കാർ അനുമതി കിട്ടിയ കേരളത്തിലെ ഏക സ്ഥാപനമാണിത്.
കൊവിഡ് പരിശോധനക്കായുളള ആർടിപിസിആർ കിറ്റ്, ആർഎൻഎ വേർതിരിക്കൽ കിറ്റ്, ആന്‍റിബോഡി കിറ്റ് എന്നിവയെല്ലാം വിലയിരുത്തി അംഗീകാരം നൽകാനാണ് രാജീവ് ഗാന്ധി സെന്‍ററിൻ അനുമതി കിട്ടിയിരിക്കുന്നത്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കിറ്റുകൾക്ക് ഐസിഎംആർ അനുമതി നൽകുക. നിലവിലെ സാഹചര്യത്തിൽ കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും ആവശ്യമുളള ഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത് വേഗത്തിലാക്കാൻ ഇത്തരം നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതിനായാണ് പുതുതായി 24 സെന്‍ററുകൾക്ക് ഇത്തരത്തിൽ പരിശോധന അനുമതി നൽകിയിരിക്കുന്നത്.
മികച്ച പരിശോധന സൗകര്യത്തിന് അന്താരാഷ്ട്ര അംഗീകാരമായ ഐഎൽഎസി അംഗീകാരമടക്കം രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്ക്നോളജിയ്ക്കുണ്ട്. അതേസമയം സ്ഥാപനം തന്നെ നിർമ്മിച്ച ഉപകരണങ്ങൾ സാക്ഷ്യപ്പെടുത്താനാവില്ല. അതിനാൽ തന്നെ മാസങ്ങൾക്ക് മുമ്പ് ഐ സി എം ആറിന്‍റെ അംഗീകാരത്തിൻ അയച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ അനുമതി വൈകും. കൂടുതൽ സാംമ്പിളുകൾ ഉപയോഗിച്ച് പരിശോധന നടത്തേണ്ടതിനാലാണ് അനുമതി വൈകുന്നത്.