ജൂലൈ 1 മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരുണ്ടാകും, ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ നടപടിയെന്ന് മന്ത്രി
ഭൂമി തരംമാറ്റൽ മാത്രമല്ല ഭൂമി സംരക്ഷണവും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചെന്ന് റവന്യു മന്ത്രി കെ രാജൻ. നടപടികളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ ഒന്ന് മുതൽ 71 കേന്ദ്രങ്ങളിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചാകും ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുകയെന്ന് രാജൻ വ്യക്തമാക്കി.
ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കാനായി പുതിയ തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ കൂടുതലായി നിയോഗിച്ചെന്നും മന്ത്രി വിവരിച്ചു. നെൽവയൽ തണ്ണീർത്തടം നിലനിർത്തുന്നതിനാണ് നിയമം കൊണ്ടുവന്നത്. നികത്തപ്പെട്ട ഭൂമി പുനഃസ്ഥാപിക്കാൻ പ്രത്യേക നടപടി ഉണ്ടാകും. ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി ശക്തമാക്കുമെന്നും റവന്യു മന്ത്രി വിവരിച്ചു. ഭൂമി തരംമാറ്റൽ മാത്രമല്ല ഭൂമി സംരക്ഷണവും കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡാറ്റാ ബാങ്കിലെ പ്രയാസങ്ങൾ മാറ്റാൻ നടപടിയുണ്ടാകും. കൃഷി വകുപ്പുമായി സഹകരിച്ച് ഇക്കാര്യങ്ങൾ വേഗത്തിലാക്കുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം