പുതുവർഷത്തിൽ മാസായി കൊച്ചി മെട്രോ! റെക്കോര്‍ഡുകൾ പഴങ്കഥയാക്കി കുതിപ്പ്, ഒരൊറ്റ ദിനം 1.30 ലക്ഷം യാത്രക്കാര്‍
മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം വരുമാനം 9, 24, 69, 402 ഉം ആയിരുന്നു.
കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം വരുമാനം 9, 24, 69, 402 ഉം ആയിരുന്നു.
ജൂലൈ മുതല്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരെ നേടുന്ന മെട്രോ കഴിഞ്ഞ രണ്ടുവര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തന ലാഭവും ഉണ്ടാക്കി. 2023 സാമ്പത്തിക വര്‍ഷം 5.35 കോടിയായിരുന്ന പ്രവര്‍ത്തന ലാഭം 2024 സാമ്പത്തിക വര്‍ഷം 22.94 കോടി രൂപയായാണ് വര്‍ധിച്ചത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025 ല്‍ ലക്ഷ്യമിടുന്നതെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
'കഴിഞ്ഞവര്‍ഷം പ്രതിദിനം ഒരു ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിട്ടിരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ അത് നേടി. നിരക്കുകളുടെ യുക്തിസഹമായ ഏകീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിരക്കിളവ്, സോഷ്യല്‍ മീഡിയ വഴിയുളള പ്രചരണം, കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിക്കറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മെട്രോയാണിതെന്നും ഈ വര്‍ഷം ടിക്കറ്റിംഗ് സമ്പ്രദായം സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ലാസ്റ്റ്‌മൈല്‍, ഫസ്റ്റ്‌മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ഉടനെ ആരംഭിക്കും. വിവിധ റൂട്ടുകളില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയാലുടന്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ഇ- ബസ് സര്‍വീസ് ആരംഭിക്കുമെന്നും കൊച്ചി മെട്രോ അറിയിച്ചു.
കൂട്ടിന് വാട്ടര്‍ മെട്രോയും
കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതേവരെ 35 ലക്ഷത്തോളം പേര്‍ യാത്ര ചെയ്തു. വാട്ടര്‍ മെട്രോയുടെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് ഇന്ത്യയിലെ 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള പഠനം നടത്തുന്നതിനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് വാട്ടര്‍ മെട്രോ. അഹമ്മദാബാദ്-സബര്‍മതി. സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗോഹത്തി, കൊച്ചി, കൊല്ലം, കൊല്‍ക്കത്ത, പാട്‌ന, പ്രയാഗ്‌രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്തമാന്‍ എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോയ്ക്കുള്ള സാധ്യത പരിഗണിക്കുന്നത്.
എറണാകുളം, മട്ടാഞ്ചേരി വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഈ വര്‍ഷം 15 ബോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കും.ഇന്‍ഫോ പാര്‍ക്കിലേക്കുള്ള പുതിയ മെട്രോ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടമായി അങ്കമാലിയിലേക്ക് മെട്രോ സേവനം വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍) തയ്യാറാക്കാനുള്ള കേന്ദ്ര അനുമതി ഈയിടെ ലഭിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കേണ്ട ഫണ്ട് തടസമില്ലാതെ ലഭിക്കുന്നത് പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് അത്യാവശ്യമാണ്. വിദേശ വായ്പ മാര്‍ച്ചില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് മെയ് എങ്കിലും ആകും. പൂതിയ വര്‍ഷം കൊച്ചി മെട്രോയ്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.