പക പോക്കൽ റിപ്പോർട്ട്, ഈഗോ പോര്, ശിക്ഷകൾ: സിഐ നവാസിന്‍റെ തിരോധാനത്തിന് പിന്നിൽ ..
സിഐ നവാസും സിറ്റി എസിപിയും അത്ര സ്വരച്ചേര്‍ച്ചയിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഈയിടെ രണ്ടുപേര്‍ക്കും ട്രാന്‍സ്ഫര്‍ ഓര്‍ഡറും ലഭിച്ചു. നവാസിന് മട്ടാഞ്ചേരി സിഐ ആയും എസിപിക്ക് മട്ടാഞ്ചേരി അസി. കമ്മീഷണറായുമാണ് സ്ഥലമാറ്റം
കൊച്ചി: കണ്ടു കിട്ടിയിട്ടും കൊച്ചി സെന്‍ട്രല്‍ സി ഐ വി എസ് നവാസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തീരുന്നില്ല. കൊച്ചി സിറ്റി എസിപിയുടെ നേര്‍ക്കാണ് ആരോപണങ്ങള്‍ എല്ലാം നീളുന്നത്. എന്നാല്‍ കേവലം ഒരു മേലുദ്യോഗസ്ഥന്റെ പിടിവാശിയും അതനുഭവിച്ച കീഴുദ്യോഗസ്ഥന്റെ മാനസിക സമ്മര്‍ദ്ദവും മാത്രമാണോ ഈ സംഭവത്തിന്റെ അടിസ്ഥാനം? അല്ലെന്നാണ് മെട്രോ നഗരത്തിലെ പോലീസുകാര്‍ക്കിടയിലെ അടക്കം പറച്ചിലുകള്‍.
യൂണിഫോമിടാതെ ജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ കണ്ണായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് സ്‌പെഷല്‍ബ്രാഞ്ച്. നഗരത്തിനകത്തും പുറത്തും സദാ ജാഗ്രതയോടെ സാധാരണക്കാരെ പോലെ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരെ ചിലപ്പോള്‍ ആര്‍ക്കും തിരിച്ചറിയാനാകില്ല. നാട്ടിലെ സ്ഥിതിഗതികളും രഹസ്യവിവരങ്ങളും മുന്‍കൂട്ടിയും അല്ലാതെയും ശേഖരിച്ച് മേലുദ്യോഗസ്ഥരെ അറിയിക്കുന്നതാണ് ഇവരുടെ പ്രധാന ജോലി.
ക്രമസമാധാനപാലനം നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ട സാധാരണ പോലീസ് ഉദ്യോഗസ്ഥരെപ്പറ്റിയും സ്‌പെഷല്‍ബ്രാഞ്ച് സംഘം അന്വേഷണം നടത്താറുണ്ട്. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി വഴിവിട്ടുള്ള സഞ്ചാരങ്ങള്‍ക്ക് മുതിരുന്നുണ്ടോയെന്നത് നിരീക്ഷിക്കുകയാണ് ഉദ്ദേശ്യമെങ്കിലും പലപ്പോഴും ഇത് പകപോക്കലിനുള്ള അവസരമായി ചിലര്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.
സിഐ നവാസും സിറ്റി എസിപിയും അത്ര സ്വരച്ചേര്‍ച്ചയിലല്ല എന്നത് പരസ്യമായ രഹസ്യമാണ്. ഈയിടെ രണ്ടുപേര്‍ക്കും ട്രാന്‍സ്ഫര്‍ ഓര്‍ഡറും ലഭിച്ചു. നവാസിന് മട്ടാഞ്ചേരി സിഐ ആയും എസിപിക്ക് മട്ടാഞ്ചേരി അസി. കമ്മീഷണറായുമാണ് സ്ഥലമാറ്റം. രേഖാമൂലം അപേക്ഷിച്ച് ലഭിച്ച ട്രാന്‍സ്ഫര്‍ അല്ലാത്തതിനാല്‍ നവാസിന് മട്ടാഞ്ചേരിയില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് ഏഴ് ദിവസം അവധിയെടുക്കാവുന്നതാണ്. ജൂണ്‍ 12 തീയതി താന്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് മേലുദ്യോഗസ്ഥനെ അറിയിക്കാന്‍ വ്യവസ്ഥ ചെയ്ത് നേരെ താഴെയുള്ള, ജിഡി ചാര്‍ജുള്ള എസ്‌ഐക്ക് അധികാരം കൈമാറിയാണ് നവാസ് സ്‌റ്റേഷനില്‍നിന്നും ഇറങ്ങിയത്. നവാസിന്റെ ഇറങ്ങിപ്പോക്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നിയില്ല. പക്ഷേ ഭാര്യയോട് പോലും പറയാതെ ഇറങ്ങിപ്പോയതും ഭാര്യ നല്‍കിയ പരാതിയുമാണ് വിവാദം കത്തിപ്പടരാന്‍ കാരണമായത്.
ഭാര്യയോടുപോലും പറയാതെ ഇറങ്ങിപ്പോകാന്‍ മാത്രം എന്താണ് നവാസിന്റെ പ്രശ്‌നം?
പോലീസ് വിഭാഗങ്ങള്‍ക്കിടയിലെ കുടിപ്പക ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഡ്യൂട്ടിയിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റി മേലുദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ അറിയിക്കുന്ന സ്‌പെഷല്‍ബ്രാഞ്ച് വിഭാഗം ഇല്ലാത്ത പലതും കൂട്ടിപ്പറയുന്നു എന്നാണ് ആരോപണം. സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ കരിയറിനെയും സ്ഥാനക്കയറ്റത്തെയും പോലും ബാധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കൊച്ചിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചുനല്‍കിയത് കൊച്ചി നഗരത്തിലെ ചില സ്‌പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നാണ് അടക്കം പറച്ചിലുകള്‍. നഗരത്തില്‍തന്നെ പ്രവര്‍ത്തിക്കുന്ന ഒരു സ്‌പെഷല്‍ബ്രാഞ്ച് എഎസ്‌ഐ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ വിരല്‍ ചൂണ്ടുന്നത്. നഗരത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ കീഴുദ്യോഗസ്ഥര്‍ക്കെതിരെ സ്‌പെഷല്‍ബ്രാഞ്ച് വിഭാഗക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ണുമടച്ച് വിശ്വസിക്കുന്നതാണ് പ്രശ്‌നമെന്നാണ് പൊലീസുകാരുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി പോലീസ് അസോസിയേഷന്‍ വഴി അധികാരികള്‍ക്ക് പരാതി നല്‍കാനും ചില പോലീസുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
നവാസിനെതിരെയും ഇത്തരം റിപ്പോര്‍ട്ടുകള്‍ മേലുദ്യോഗസ്ഥര്‍ വഴി എസിപിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഡിപ്പാര്‍ട്ടുമെന്റില്‍ നവാസിനേക്കാള്‍ നാലുമാസം മാത്രം സീനിയറാണ് എസിപി ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പി റാങ്കിലേക്ക് വൈകാതെ സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് നവാസ്. നിലവില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ എസിപിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഈഗോയും ഇരുവര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വാലന്റൈന്‍സ് ഡേയില്‍ ഭാര്യയ്ക്ക് ബൊക്ക
ഈയിടെ വീണ്ടും സ്ഥനക്കയറ്റം ലഭിച്ച ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരിലൊരാള്‍ കഴിഞ്ഞ വാലന്‍ൈറന്‍സ് ഡേ രാവിലെ സെന്‍ട്രല്‍ സ്റ്റേഷനിലെ ഉഗ്യോഗസ്ഥനോട് ആവശ്യപ്പെട്ടത് ചുവന്ന റോസാപ്പൂക്കളുള്ള ബൊക്ക വേണമെന്നാണ്. വാങ്ങിയാല്‍ മാത്രം പോര ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് നേരിട്ട് കൊണ്ടുനല്‍കുകയും വേണം. നഗരത്തിലെ 'സ്ഥിരം' കടയില്‍ 300 രൂപ വിലയുള്ള ബൊക്ക പോലീസുകാര്‍ക്ക് 50 രൂപ കുറച്ചാണ് നല്‍കുക. പുതുതായി സ്ഥാനമേറ്റെടുത്ത ഉദ്യോഗസ്ഥന്‍ ഈ നിര്‍ദേശം കേട്ട് അമ്പരന്നെന്നും ബൊക്കെ ഒപ്പിക്കാന്‍ ഓടിനടന്നെന്നും സംസാരമുണ്ട്. ഇതേ ഉദ്യോഗസ്ഥന്‍ ആലപ്പുഴയിലെ ഒരു ജ്വല്ലറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേസെടുക്കാന്‍ തയാറാകാത്ത പോലീസുകാരനോട് നേരിട്ട് ചോദിച്ചത് 'താന്‍ കേസെടുക്കുന്നോ അതോ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇന്നുതന്നെ വേണോ എന്നാണ്.'
മാസങ്ങള്‍ക്കുമുമ്പ് ചാര്‍ജെടുത്ത് ഇപ്പോള്‍ അടുത്ത ജില്ലയിലേക്ക് സ്ഥലംമാറി പോകാന്‍ ഒരുങ്ങുന്ന മറ്റൊരു ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയുമുണ്ട് കഥകള്‍. ചാര്‍ജെടുത്ത് ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റുന്നതിനിടെ പഴയ വീട്ടില്‍നിന്നും കൊണ്ടുവന്ന ഫര്‍ണിച്ചറുകള്‍ ലോറിയില്‍നിന്നും ഇറക്കാന്‍ തൊഴിലാളികളെ എത്തിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടത് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക്. എന്നാല്‍ ഒരാള്‍ക്ക് 1000 രൂപ കൂലി നല്‍കേണ്ടതിനെപ്പറ്റിമാത്രം ഒന്നും പറഞ്ഞില്ല. അസൗകര്യമറിയിച്ച സെന്‍ട്രല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ശരിക്കും അനുഭവിച്ചു. സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ശരിയായ രീതിയലല്ല കൈകാര്യം ചെയ്യുന്നതെന്നും കേസ് റെക്കോര്‍ഡുകള്‍ ശരിയായ രീതിയിലല്ല തയ്യാറാക്കുന്നതെന്നും ആരോപണമുണ്ടായി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പുറമെനിന്നുള്ള 15 ഉദ്യോഗസ്ഥരെ വരുത്തി സ്റ്റേഷനിലെ കേസ് ഫയലുകളെല്ലാം പരിശോധിപ്പിച്ചു. ഉദ്യോസ്ഥരെ നന്നായി വെള്ളം കുടിപ്പിച്ചു. പക്ഷേ തെറ്റായെന്തെങ്കിലും കണ്ടെത്തിയോ എന്നത് വ്യക്തമല്ല.
ഇത്തരത്തില്‍ തീര്‍ത്തും വ്യക്തിപരമായ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെകൊണ്ട് പണിയെടുപ്പിക്കാനുള്ള ശ്രമവും അതുവഴി പോലീസുകാര്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്റെയും ഇരയാണ് നവാസ് എന്നാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുതിര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
എന്നാല്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ പോലീസ് അസോസിയേഷന്‍ കര്‍ശനമായി ഇടപെടുമെന്നും, ഇത്തരത്തില്‍ ശ്രദ്ധയില്‍പെട്ട ചിലയിടങ്ങളിലെ സംഭവങ്ങള്‍ ഇതിനോടകം സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നുമാണ് കേരളാ പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ പ്രതികരണം.