മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല! വ്യാപക തെരച്ചില്‍, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു

മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെ കാണാനില്ലെന്ന പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. 

real estate businessman mami missing case driver missing

കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം പുറത്ത്. മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയാണ് പുറത്തുവന്നിരിക്കുന്നത്. കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെ കാണാതായി എന്നാണ് കുടുംബത്തിന്റെ  പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്റെ തി​രോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതാകുന്നത്.  

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ്‌ ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്.

ഏഴാം തീയതി ഭാര്യയുടെ സഹോദരനോട്‌ മക്കളെ സ്കൂളിൽ നിന്നും കൂട്ടുവാൻ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്ത് ലോഡ്ജിൽ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെ ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. രജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കോഴിക്കോട് തലക്കോളത്തൂർ ആണ് രജിത് താമസിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios