സംവാദത്തിന് ഞാൻ തയ്യാർ, വീണയുടെ രേഖകൾ പുറത്തു വിടാൻ സിപിഎം തയ്യാറുണ്ടോ; പരസ്യ സംവാദത്തിന് ക്ഷണിച്ച് കുഴൽനാടൻ
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ രേഖകൾ പുറത്തു വിടാൻ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൌണ്ട് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകുമോയെന്നും ചോദിച്ചു.
തിരുവനന്തപുരം : ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ സിപിഎമ്മിനെ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തനിക്കെതിരായ ആരോപണത്തിൽ ആരോഗ്യകരമായ ഏത് സംവാദത്തിനും തയ്യാറാണെന്നും ഇടുക്കിയിലായതിനാൽ എംഎം മണിയുമായി സംവദിക്കാൻ തയ്യാറാണെന്നും കുഴൽനാടൻ വിശദീകരിച്ചു. കുടുംബ വീട്ടിലെ റവന്യൂ പരിശോധനയെ സ്വാഗതം ചെയ്ത കുഴൽനാടൻ, മുഖ്യമന്ത്രിയുടെ മകൾ വീണയുടെ രേഖകൾ പുറത്തു വിടാൻ തയ്യാറുണ്ടോയെന്നും വീണയുടെ അക്കൌണ്ട് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകുമോയെന്നും ചോദിച്ചു.
പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്ത് ഉണ്ടോയെന്ന് സി പി എമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഎമ്മിൽ നിന്ന് ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാം. വിചാരണക്കിരിക്കാൻ ഇനിയും തയ്യാറാണ്. നികുതി സംബന്ധിച്ച് അറിയണമെങ്കിൽ, ഇതേക്കുറിച്ച് അറിയാവുന്നവർക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴൽനാടൻ വിശദീകരിച്ചു.
ചിന്നക്കനാലിലെ റിസോർട്ട് വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ ആരോപണങ്ങൾ കടുപ്പിക്കുകയാണ് സിപിഎം. ചിന്നക്കനാലിലേത് ഗസ്റ്റ് ഹൗസെന്ന വാദം തളളിയ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി റിസോർട്ടിലെ ബുക്കിങ് രേഖകളും പുറത്തുവിട്ടു. മാത്യു കുഴൽനാടന്‍റെ സാമ്പത്തിക ഇടപാടുകൾ സംശയാസ്പദമാണെന്ന ആവർത്തിച്ച സി എൻ മോഹനൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളളസത്യവാങ്മൂലമാണ് മാത്യു കുഴൽനാടൻ നൽകിയതെന്നും ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ നിയമസഭയിലും പുറത്തും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽനാടനെ പൂട്ടാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ വാർത്താ സമ്മേളനം. വീടുവയ്ക്കാൻ മാത്രം അനുവാദമുളളിടത്താണ് കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് പണിതത്. ഓൺലൈൻ സൈറ്റുകൾ വഴി റിസോർട്ടിലേക്ക് ബുക്കിങ് തുടരുന്നുണ്ട്. നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും കൃത്യമായ മറുപടി നൽകാൻ പോലും മാത്യു കുഴൽനാടന് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തിന്‍റെ മുപ്പത് മടങ്ങ് എംഎൽഎയ്ക്കുണ്ട്. വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ പരിധികടന്നുളളതാണ്. കുഴൽനാടന്‍റെ ബിസിനസ് പങ്കാളികൾ ബെനാമികളാണെന്നതടക്കമുള്ള ആരോപണങ്ങളാണ് സിപിഎം ഉയർത്തുന്നത്.
മാത്യു കുഴൽനാടന്‍റെ കോതമംഗലം കടവൂരെ കുടുബവീടിരിക്കുന്ന ഭൂമിയിൽ നാളെ സർവേ നടത്താനാണ് റവന്യൂ വകുപ്പ് തീരുമാനം. അനധികൃതമായി മണ്ണിട്ട് നികത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് നടപടി. മാത്യു കുഴൽനാടന്‍റെ മൂവാറ്റുപുഴയിലെ ഓഫീസിലേക്ക് നാളെ ഡിവൈ എഫ് ഐ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.