Ration Shops Kerala : റേഷൻ കടകൾ വ്യാഴാഴ്ച മുതൽ സാധാരണ നിലയിലേക്ക്

ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ration shops return to normal working time from thursday

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ (Ration Shops)  27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ (G R Anil) അറിയിച്ചു.

റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം ഇന്നലെ (ജനുവരി 25) വരെ 50,62,323 പേർ(55.13 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേർ റേഷൻ വാങ്ങി. കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാർഡ് ഉടമകളാണു റേഷൻ കൈപ്പറ്റിയിരുന്നത്.

റേഷൻ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓൺലൈനായി ചേർന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്കു നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അഡിഷണൽ ഡയറക്ടർ ടിക്കാറാം മീണ, സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ഡി. സജിത് ബാബു, ഐ.ടി. മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്, എൻ.ഐ.സി. ഹൈദരാബാദിന്റെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios