'ഞാൻ മതേരതരവാദി, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിട്ടില്ല'; എൻഎസ്എസിന് ചെന്നിത്തലയുടെ മറുപടി
തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫ് തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനം ചെന്നിത്തല തള്ളി.
തിരുവനന്തപുരം : എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഉയർത്തിയ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'നായർ ബ്രാൻഡ്' ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്നും കോൺഗ്രസ് പാർട്ടിയും താനും എന്നും ഉയർത്തിപ്പിടിക്കുന്നത് മതേതര നിലപാടാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചത് കൊണ്ടാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും യുഡിഎഫ് തോറ്റതെന്ന സുകുമാരൻ നായരുടെ വിമർശനം ചെന്നിത്തല തള്ളി. നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തി കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
എൻ എസ് എസ് കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും കരുതലോടെയുള്ള പ്രതികരണമാണ് രമേശ് ചെന്നിത്തലയുടേത്. എൻഎസ്എസുമായി നിലവിൽ നല്ല ബന്ധം പുലർത്താത്ത കോൺഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അതിരൂക്ഷമായ രീതിയിൽ വിമർശനമുന്നയിച്ചത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിൽ രമേശ് ചെന്നിത്തലയെ ആഭ്യന്തര വകുപ്പെന്ന താക്കോൽ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയത് എൻഎസ്എസ് ആവശ്യപ്രകാരമായിരുന്നുവെന്നും എന്നാൽ ചെന്നിത്തല പിന്നീട് സമുദായത്തെ തള്ളിപ്പറഞ്ഞെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. പ്രതിപക്ഷ നേതാവ് വിഡി സതീശനെയും എൻഎസ് എസ് വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തൻറെ അടുത്തെത്തി ദീർഘനേരം സംസാരിച്ച സതീശൻ പിന്നെ സംഘടനയെ വിമർശിച്ചെന്നാണ് ഒരും ഇംഗ്ളീഷ് ദിനപത്രത്തിലെ അഭിമുഖത്തിൽ സുകുമാരൻ നായർ തുറന്നടിച്ചത്. കോൺഗ്രസ് നേതാക്കൾ എൻഎസ്എസിന് കീഴടങ്ങിപ്പോകണമെന്ന നിലക്കാണ് ജനറൽസെക്രട്ടറിയുടെ പ്രസ്താവനയെന്ന വിമർശനം പാർട്ടിനേതാക്കൾക്കുണ്ട്.
ശശി തരൂരിന്‍റെ പെരുന്ന സന്ദർശനത്തെ ചൊല്ലി എൻഎസ്എസിൽ തർക്കം, രജിസ്ട്രാർ പിഎൻ സുരേഷ് രാജിവെച്ചു