'വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ തെറ്റില്ല'; രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്‍റ്
ബി ആര്‍ അംബേദ്കറെ അപമാനിച്ച അമിത് ഷാ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും സുധാകരൻ
കണ്ണൂര്‍: അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത് സിപിഎം - ബിജെപി ഡീലിന്‍റെ ഭാഗമായാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ പല ഘട്ടത്തിലും രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണിത്.
ജനങ്ങളുടെ വഴി തടയുന്നതിനെ ന്യായീകരിക്കുകയും സാധാരണക്കാര്‍ കാറില്‍ സഞ്ചരിക്കുന്നതിനെ അധിക്ഷേപിക്കുകയും ചെയ്ത സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയത്തെ കുറിച്ചു നടത്തിയ ജല്‍പ്പനങ്ങള്‍ അറിവില്ലായ്മ കൊണ്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുലും പ്രിയങ്കയും ജയിച്ചത് മതേതര ജനാധിപത്യ വിശ്വാസികളുടെ വോട്ടുകള്‍ കൊണ്ടാണ്, അല്ലാതെ ന്യൂനപക്ഷ വര്‍ഗീയ വോട്ടുകള്‍ കൊണ്ടല്ല.
മുസ്ലീം വിരോധം പ്രതിഫലിക്കുന്ന സംഘപരിവാര്‍ അജണ്ടയാണ് എ വിജയരാഘവന്റെ വാക്കുകളില്‍ പ്രകടമായത്. തീവ്ര വര്‍ഗീയതയ്ക്ക് കീഴ്‌പ്പെട്ട സിപിഎം കേരളത്തില്‍ അര്‍എസ്എസിന് വിടുവേലയെടുക്കുകയാണ്.അതിനാലാണ് മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും ഭീഷണിയുയര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായുണ്ടാകുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ബി ആര്‍ അംബേദ്കറെ അപമാനിച്ച അമിത് ഷാ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. അംബേദ്കറെ അധിക്ഷേപിച്ചതില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും അമിത് ഷാ പരമാര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ തയ്യാറായില്ല. ഭരണഘടനയോടുള്ള അര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും പ്രത്യയശാസ്ത്രപരമായ നിലപാടാണ് അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തിലൂടെ വീണ്ടും പുറത്തുവന്നത്.
ഭരണഘടനയിലെ മതേതരത്വം, തുല്യനീതി, ബഹുസ്വരത എന്നിവയൊന്നും ബിജെപിക്ക് ഉള്‍ക്കൊള്ളാനാവില്ല. വെറുപ്പും വിദ്വേഷവും വിഘടനവാദവും വര്‍ഗീയതയും മാത്രമാണ് അവരുടെ പ്രഖ്യാപിത അജണ്ടയും ലക്ഷ്യവും. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.ദളിതരരോടും ന്യൂനപക്ഷ സമുദായങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും ബിജെപിക്ക് വെറുപ്പാണ്. അതിന്റെ പ്രതിഫലനമാണ് അമതിഷായുടെ വാക്കുകളില്‍ പ്രകടമായത്. ബാബാ സാഹെബ് ഡോ. ബി ആര്‍ അംബേദ്കറിന്റെ പാരമ്പര്യത്തെ കളങ്കപ്പെടുത്താനുള്ള ധിക്കാരപരമായ ബിജെപിയുടെ ശ്രമങ്ങളെ രാജ്യത്തെ ജനാധിപത്യ-മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതില്‍ തെറ്റില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. രമേശ് ചെന്നിത്തല എഐസിസി വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. കെഎസ്‍യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരുപാട് നേതാക്കളുണ്ട്. രമേശ് ചെന്നിത്തലയും അതിലൊരാളാണ്. രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ല. പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളൊന്നും തുടങ്ങിയിട്ടില്ല. അതൊക്കെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
വെള്ളാപ്പള്ളിക്ക് ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഇതു പുത്തരിയൊന്നുമല്ല. അദ്ദേഹം നേരത്തെയും ഇത്തരം അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടെ പൊളിറ്റിക്‌സുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സമുദായത്തിന്റെ നേതാവായ വെള്ളാപ്പള്ളിക്കും തന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതു ഞങ്ങള്‍ മാനിക്കും. എന്നാല്‍ വി.ഡി സതീശന്‍ അധികാരമോഹിയാണെന്ന് അദ്ദേഹം പറഞ്ഞത് തെറ്റാണ്. നേതാക്കളെ അധിക്ഷേപിക്കാന്‍ പാര്‍ട്ടി ആരെയും അനുവദിക്കില്ല. ജനപിന്തുണയുള്ള നേതാവാണ് വി.ഡി സതീശന്‍. അതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ ശക്തമാക്കാനുള്ള ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ മുന്നേറ്റം പാര്‍ട്ടി നടത്തുമെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ തന്നെ കുടുക്കാന്‍ പൊലിസ് ഉദ്യോഗസ്ഥനോട് പറഞ്ഞത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ്. നിങ്ങള്‍ക്ക് പ്രമോഷന്‍ തരാമെന്നാണ് ശശി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇന്നിപ്പോള്‍ പരാതിക്കാരനായ യുവാവ് സത്യം പറഞ്ഞിട്ടുണ്ട്. മോന്‍സണ്‍ കേസില്‍ അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്ന് താന്‍ അന്നേ പറഞ്ഞതാണ്. തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. പി ശശിയുടെ പശ്ചാത്തലം കണ്ണുരുകാരായ എല്ലാവര്‍ക്കും അറിയാമെന്നും കെ സുധാകരന്‍ പറഞ്ഞു.