മണൽ കൊള്ളയുടെ യഥാർത്ഥ വില്ലൻ ആരാണ്? സർക്കാരിന് 'പബ്ലിസിറ്റി ക്രെയ്സ്' എന്നും ചെന്നിത്തല
വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. കൊവിഡിൻ്റെ മറവിൽ എന്തു തട്ടിപ്പും നടത്താമെന്ന് സർക്കാർ തെളിയിക്കുകയാണ്
തിരുവനന്തപുരം: പമ്പയിലെ മണ്ണ് നീക്കം സംബന്ധിച്ച് പ്രതിപക്ഷം പുറത്തെത്തിച്ചിരിക്കുന്നത് വൻ കൊള്ളയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. കൊവിഡിൻ്റെ മറവിൽ എന്തു തട്ടിപ്പും നടത്താമെന്ന് സർക്കാർ തെളിയിക്കുകയാണ്. സർക്കാരിന് പബ്ലിസിറ്റി ക്രെയ്സ് ആണ് എന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂരിലെ അഞ്ച് പുഴകളിൽ നിന്നും മണൽ വാരാൻ കേരള കെയ്സ് ആൻ്റ് സിറാമിക് എന്ന സ്ഥാപനം ശ്രമിച്ചപ്പോൾ സിപിഎം ഒഴികെ എല്ലാവരും എതിർത്തതാണ്. 25.8.2014 ൽ ക്യാബിനറ്റ് തീരുമാനപ്രകാരം മണൽ ലേലത്തെ കുറിച്ച് വ്യക്തമാകിയിട്ടുണ്ട്. ക്യാബിനെറ്റ് തീരുമാനം മറികടന്നാണ് മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും യോഗം ചേർന്നത്. വനം വകുപ്പ് അറിയാതെ മുൻ ചീഫ് സെക്രട്ടറി എന്തിനാണ് കളക്ടറെ കൊണ്ട് മണൽ നീക്കം ഒരു സ്ഥാപനത്തിന് നൽകിയത്. മുൻ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡിജിപിയും ചേർന്ന് നടത്തിയ ഗൂഡാലോചനയാണിത്. .
അവിടെ മണ്ണ് അടിഞ്ഞുകൂടിയിട്ട് രണ്ട് വർഷമായി. എന്തുകൊണ്ട് ഇത്രയും നാൾ സർക്കാർ ഒന്നും ചെയ്തില്ല. ദുരന്ത നിവാരണ ഉത്തരവിന്റെ മറവിൽ പമ്പയിൽ രണ്ടുദിവസമായി മണൽ കടത്തായിരുന്നു. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണം.
വളാഞ്ചേരിയിലെ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണക്കാർ സർക്കാർ ആണ്. കുറ്റം മുഴുവൻ കുട്ടിയുടെ തലയിൽ കെട്ടിവയ്ക്കാൻ സർക്കാർ ശ്രമിക്കുന്നു. പലർക്കും ഓൺലൈൻ സംവിധാനമില്ലെന്നറിഞ്ഞിട്ടും പ്രശസ്തിക്ക് വേണ്ടിയാണ് സർക്കാർ ജൂൺ ഒന്നിന് ധൃതി പിടിച്ച് ക്ലാസ് തുടങ്ങിയത്.
മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന സർക്കാർ കത്ത് ദൗർഭാഗ്യകരമാണ്. കൂടുതൽ വിമാനങ്ങൾ ആവശ്യപ്പെടുകയാണ് വേണ്ടത്. കത്ത് അയച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ല. അയച്ചിട്ടുണ്ടെങ്കിൽ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.