വ്യാപക ധൂർത്തും അഴിമതിയും; സ്പീക്കർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

സഭയിലെ ധൂർത്തും അഴിമതിയും ഞെട്ടിക്കുന്നതാണെന്ന് വിവരാവകാശ രേഖകളുടെ അടിസഥാനത്തിൽ പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമടക്കമുള്ള പദ്ധതികൾക്കെതിരെയാണ് ആക്ഷേപം.

ramesh chennithala allegations against speaker p Sreeramakrishnan

കോഴിക്കോട്: സ്പീക്കർ പി ശ്രീരാമക‍ൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട്  സംസ്ഥാനം നട്ടം തിരിയുമ്പോള്‍ നിയമസഭയിൽ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി വിയുമെല്ലാം ധൂർത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ.

പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ട് വന്ന കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെ പര്യായമാക്കിയെന്നാണ് പ്രധാന ആരോപണം. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ടെണ്ടർ ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏൽപ്പിച്ചതെന്നും വിവരാവകാശ രേഖകൾ അടിസ്ഥാനമാക്കിയുള്ള ആരോപണം. രണ്ട് ദിവസം മാത്രമാണ്  ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.

2020 രണ്ടാം  ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ  എസ്റ്റിമേറ്റിട്ട്  നവീകരിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്ക്  തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്, ഇതിനും ടെണ്ടര്‍ ഇല്ല. ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്. 

എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂവെന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ  ഊരാളുങ്കലിന് നല്‍കി കഴിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. കൊവിഡിന്റെ   പശ്ചാലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയതെന്ന് ചെന്നിത്തല പറയുന്നു. 

നിയമസഭ  കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നതെന്നാണ് ആരോപണം. 52.31 കോടി രൂപയുടെ പദ്ധതിയും ടെണ്ടര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകി. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 13-6-19 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാന്‍സ് തുകയായി 13.53 കോടി രൂപ നല്‍കാന്‍ സ്പീക്കര്‍ പ്രത്യേക ഉത്തരവ് നല്‍കിയത്. പാലാരിവട്ടത്ത്  മന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചുമത്തപ്പെട്ട കുറ്റവും ഇതേ പോലുള്ള മൊബൈലേസേഷന്‍ അഡ്വാന്‍സാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

സഭാ ടിവിക്കായി കൺസൾട്ടൻ്റുമാരെ നിയമിച്ചതിലും ചെന്നിത്തല ക്രമക്കേടുകൾ ആരോപിക്കുന്നു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നടത്തിപ്പിലും ക്രമക്കേടും ധൂർത്തും നടന്നു. പരമ്പരയായി ആറ് പ്രോഗ്രാമുകളാണ്  നടത്താന്‍ നിശ്ചയിച്ചിരുന്നുത് എന്നാൽ കൊവിഡ് കാരണം ഇതിൽ രണ്ടെണ്ണമേ നടത്താന്‍ കഴിഞ്ഞുള്ളു. ഇതിന് മാത്രം രണ്ടേകാല്‍ കോടി രൂപ ചെലവായെന്നാണ് ചെന്നിത്തല പറയുന്നത്.

ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചിലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നുവെന്നും ഇത് കൊണ്ട് ആർക്കാണ് നേട്ടമുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.  

Latest Videos
Follow Us:
Download App:
  • android
  • ios