കായംകുളം വ്യാജ സർട്ടിഫിക്കറ്റ്; പിന്നിൽ പ്രവർത്തിച്ചത് ബാബുജൻ? ചോദ്യവുമായി രമേശ് ചെന്നിത്തല
ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലായിടത്തും ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ കായംകുളം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഎമ്മിനെതിരെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ നേതാവിനായി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സിന്‍ഡിക്കേറ്റ് മെമ്പർ ആരാണ് ? കായംകുളത്തു നിന്നുള്ള ഏക സിൻഡിക്കേറ്റ് മെമ്പർ കെഎച്ച് ബാബുജൻ ആണ്. വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ പ്രവർത്തിച്ചത് ബാബുജനാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ബാബുജൻ നടത്തിയിട്ടുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയിലെ സ്ഥാനങ്ങൾ ഒഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലായിടത്തും ഒറ്റപ്പെട്ട സംഭവങ്ങൾ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നുവെന്ന് എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തല ബാബുജന്‍റെ പേര് പരാമർശിച്ച് രംഗത്ത് വന്നത്. 'നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും' എന്നായിരുന്നു ഹിലാൽ ബാബുവിന്‍റെ പ്രതികരണം.
എ ഐ ക്യാമറ പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇന്നത്തെ കോടതി വിധി സ്വാഗതം ചെയ്യുന്നു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് എഐ ക്യാമറ അഴിമതി. അഴിമതി പുറത്തു കൊണ്ട് വന്നപ്പോൾ പലരും പുശ്ചിച്ചു തള്ളി. പ്രതിപക്ഷം റോഡ് സുരക്ഷക്ക് എതിരല്ല, അതിന്‍റെ മറവിൽ നടത്തിയ അഴിമതിക്ക് എതിരായാണ് സംസാരിക്കുന്നത്. ഗുരുത ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പദ്ധതിയുടെ നേട്ടം മുഖ്യമന്ത്രിയുടെ ബന്ധുവിന്‍റെ കമ്പിനിക്കാണ്. പദ്ധതി ചെലവ് 232 കോടിയിലേക്ക് എത്തിച്ചത് അഴിമതിക്ക് വേണ്ടിയാണെന്നും ഇതിനായിവ്യവസായ വകുപ്പ് സെക്രട്ടറിയെ കൊണ്ട് തട്ടിക്കൂട്ട് റിപ്പോർട്ട് ഉണ്ടാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിമർശിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നതാണ് ഇടത് സർക്കാരിന്‍റെ നടപടി. സർക്കാറിനെതിരെ വിമർശിച്ചാൽ എന്‍റെ പേരിലും കേസ് എടുത്തേക്കാം. ഇപ്പോൾ തന്നെ അഞ്ച് കേസ് ഉണ്ട്. ഇതൊന്നും കൊണ്ടൊന്നും തങ്ങളുടെ വായ അടിപ്പിക്കാൻ കഴിയില്ല. അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാരിന് രക്ഷപ്പെടാൻ വേണ്ടി ആണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ ആക്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read More : മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നു, വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പറയാനുള്ളതെന്ത്: പി.ജയരാജൻ