സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പണമില്ല, സിപിഎമ്മിനെ തീറ്റിപ്പോറ്റാൻ 27 കോടിയുടെ 'കേരളീയം': ചെന്നിത്തല

മാർക്സിസ്റ്റ് പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും പണമില്ലാതാകുമ്പോൾ അവർക്ക് ഗുണമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണീ കേരളീയം പദ്ധതി

Ramesh Chennithala against CM Pinarayi Vijayan and CPM on Keraleeyam 2023 asd

തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പാണെന്നും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻപോലും പണമില്ല. 5000 രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്നു മാറിയെടുക്കാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകർച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ട എന്താവശ്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ആർക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്? സി പി എം അനുകൂല സംഘടനകളെയും അവരുടെ സഹയാത്രികരെയും തീറ്റിപ്പോറ്റുന്നതിന് വേണ്ടിയാണ് ഈ മാമാങ്കമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ലോകത്തെവിടെയുമാകട്ടെ, മലയാളിയാണോ, ഇതാ 'കേരളീയത്തിൽ' നിങ്ങൾക്കൊരു ഉഗ്രൻ ചലഞ്ച്! പങ്കെടുക്കൂ ഈ ഫോട്ടോ ചലഞ്ചിൽ

കേരളത്തെ അടയാളപ്പെടുത്തേണ്ടത് ഇങ്ങിനെയല്ല. ലോകത്തിനു മുൻപിൽ കേരളത്തിന് ഒരു പേരും പെരുമയുമുണ്ട്. അപ്പോൾ കോടിക്കണക്കിന് രൂപ ഇങ്ങനെ ചെലവഴിച്ച് ഒരു പരിപാടി നടത്തേണ്ട എന്ത് കാര്യമാണ്  മുഖ്യമന്ത്രിക്കുള്ളത്. അപ്പോൾ ധൂർത്തും അഴിമതിയുമാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികൊണ്ട് സംസ്ഥാനത്തിനും ജനങ്ങൾക്കും ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല വിമർശിച്ചു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 27 കോടി 12 ലക്ഷം രൂപ ചെലവഴിച്ചുള്ള ഈ മാമാങ്കം ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയാണ് നടത്തുന്നത്. കേരളീയത്തിൽ ഓരോ കാര്യത്തിനും പണം ചെലവഴിക്കാൻ പോകുന്നത് ടെണ്ടർ വിളിക്കാതെയാണ്. സാധാരണഗതിയിൽ അടിയന്തരസാഹചര്യങ്ങളിൽ മാത്രമേ ടെണ്ടർ വിളിക്കാതെ പദ്ധതി നടപ്പിലാക്കുകയുള്ളു. ഇവിടെ ഇപ്പോൾ ടെണ്ടർ ഇല്ലാതെ ഈ പരിപാടി നടപ്പിലാക്കുവാൻ എന്ത് അടിയന്തര സാഹചര്യമാണുള്ളത്. മാർക്സിസ്റ്റ് പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും പണമില്ലാതാകുമ്പോൾ അവർക്ക് ഗുണമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണീ കേരളീയം പദ്ധതി. ഇത് വൻ അഴിമതിയിലേക്കാണ് എത്തിച്ചേരുവാൻ പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടര വർഷക്കാലം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത, ഒരിടത്തും പോകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുവാൻ പോകുന്നു എന്നാണ് പറയുന്നത്. ഇപ്പോൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയമായപ്പോൾ സർക്കാർ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊരുങ്ങുകയാണ്. കേരളീയം പദ്ധതിയുടെ സ്വാഗത സംഘം സി പി എം നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് ഏകപക്ഷീയമായി രൂപീകരിക്കുന്നത് തന്നെ അഴിമതി ലക്ഷ്യം വച്ചാണ്. ഇതിന്റെ നടത്തിപ്പിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പദ്ധതി വൈകിയതിന് ഉത്തരവാദി സംസ്ഥാന സർക്കാറും മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന പദ്ധതികൾക്ക് യു ഡി എഫും കോൺഗ്രസും എതിരല്ല. പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ പിന്നിലുള്ള ദുരൂഹതയും കൊള്ളയുമാണ് ചൂണ്ടിക്കാട്ടുന്നത്. മധ്യമ പ്രവർത്തകർക്കെതിരെ മോശം പരാമർശം പിൻവലിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് മാധ്യമങ്ങളോട് പറഞ്ഞ പരാമർശം വളരെ മോശമായിപ്പോയി. അത് പിൻവലിച്ച് മാപ്പ് പറയണം. എന്ത് അഹങ്കാരത്തിൻ്റെ ഭാഷയാണിത്. മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios