'മറ്റ് ആളില്ലാത്തതുകൊണ്ടല്ല രാഹുലിന് സീറ്റ് നൽകിയത്'; ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവെന്ന് സുധാകരൻ
പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടും. സിപിഎമ്മിനോട് ഉള്ള വൈരാഗ്യമാണ് ആ വോട്ടിന് കാരണമെന്ന് സുധാകരൻ
പാലക്കാട്: പാലക്കാട് ജില്ലയിൽ മറ്റ് ആളില്ലാത്തതുകൊണ്ടല്ല രാഹുൽ മാങ്കൂട്ടത്തലിന് സീറ്റ് നൽകിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിൽ ഉയർന്നുവരുന്ന പുത്തൻ തലമുറയുടെ പ്രതീകമാണ്. ചെറുപ്പക്കാർക്ക് ആവേശം നൽകുന്ന യുവ നേതാവുമാണ്. പിണറായി വിജയന്റെ ഭരണത്തിൽ രക്തസാക്ഷികളായി ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിൽ ഉള്ളത്. പിണറായി വിജയന്റെ പാർട്ടിയിൽ നിന്ന് പോലും ഇത്തവണ കോൺഗ്രസിന് വോട്ട് കിട്ടും. സിപിഎമ്മിനോട് ഉള്ള വൈരാഗ്യമാണ് ആ വോട്ടിന് കാരണം. സിപിഎം - ബിജെപി ബന്ധത്തിളുള്ള എതിർപ്പാണ് അത്. മൂന്ന് നിയോജക മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കും. പിണറായി വിജയന്റെ ഭരണത്തെക്കുറിച്ച് പറയാൻ പോയാൽ ജനങ്ങൾ കാർക്കിച്ച് തുപ്പും. മനുഷ്യത്വം കാണിക്കാത്ത സർക്കാർ ആണ് ഇപ്പോഴുള്ളത്. നിലവിലെ സർക്കാരിനെതിരെ പ്രതികാര ദാഹത്തോടെ ജനങ്ങൾ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഇന്നലെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർത്ഥികൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നു.
നവംബർ 13 നാണ് മൂന്ന് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക. നവംബർ 23 ന് ഫലം പ്രഖ്യാപിക്കും. മത്സരിക്കുന്നവർക്ക് ഈ വെള്ളിയാഴ്ച മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്നാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചത്. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. സൂക്ഷ്മ പരിശോധന 28ന് നടക്കും. പിൻവലിക്കാനുള്ള തീയതി ഒക്ടോബർ 30 ആണ്. ഇതിനു ശേഷം ആകെ 12 ദിവസമാണ് പ്രചാരണത്തിനായി ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം