'പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ എഴുതിക്കാതെ പാസ്സാക്കിയത്'; പരിഹാസവുമായി രാഹുൽ
പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോയെന്നാണ് രാഹുലിന്‍റെ പരിഹാസം.
കോട്ടയം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോയെന്നാണ് രാഹുലിന്‍റെ പരിഹാസം. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും മഹാരാജാസ് കോളേജിലെ എംഎ ആർക്കിയോളജി വിദ്യാർത്ഥിയുമായ പിഎം ആർഷോ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ചതായുള്ള മാർക്ക് ലിസ്റ്റ് പുറത്തു വന്നിരുന്നു. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാർക്കും ഇല്ലെങ്കിലും ആർഷോ പാസായതായി രേഖപ്പെടുത്തിയത്. 2021 ലാണ് ആർഷോ കോളേജിൽ അഡ്മിഷൻ നേടിയത്. 2022 ഡിസംബറിൽ നടന്ന പരീക്ഷയിൽ ക്രിമിനൽ കേസിൽ ജയിലിലായിരുന്ന ആർഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ അനുമതി ഉണ്ടായിരുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
SFI സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത. ശ്ശെടാ, ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ SFl യിൽ ചേരണ്ട കാര്യമില്ലല്ലോ... എന്തായാലും K - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ...
അതേസമയം എഴുത്താത്ത പരീക്ഷയ്ക്ക് മാർക്ക് വന്നതെങ്ങനെ എന്ന് അറിയില്ലെന്നും പരീക്ഷ നടന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നുവെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരീക്ഷാ സമയത്ത് ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകുമായിരുന്നില്ല. പരീക്ഷ കൺട്രോളറോടാണ് മാർക്ക് വന്നത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതെന്ന് ആർഷോ പ്രതികരിച്ചു. അതേസമയം മഹാരാജാസ് കോളേജ് വ്യാജ രേഖ വിവാദത്തിൽ തനിക്കെതിരായ ആരോപണം യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണെന്നും ആർഷോ വ്യക്തമാക്കി. കുറ്റാരോപിതയായ വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജ രേഖയെ പറ്റി ഒന്നും അറിയില്ലെന്നും പിഎം ആർഷോ പറഞ്ഞു.
Read More : എഴുതാത്ത പരീക്ഷയ്ക്ക് പാസ്, വ്യാജരേഖാ കേസ്: വിശദീകരണവുമായി പിഎം ആർഷോ
Read More : 'കപട സദാചാരത്തിന്‍റെ മൂടുപടം പുതച്ച 'സംരക്ഷകർ'; കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് രഹ്ന ഫാത്തിമ