രാഹുലിന് അനുകൂലമായ വിധി: സുപ്രീം കോടതിയുടെ ചോദ്യത്തിലൂന്നി നേതാക്കളുടെ പ്രതികരണം, എഐസിസി ആസ്ഥാനത്ത് ആഹ്ലാദം

വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും നീതി കാക്കാൻ നീതിപീഠം രാജ്യത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു

Rahul Gandhi Supreme court order congress league leaders response kgn

ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും നീതി കാക്കാൻ നീതിപീഠം രാജ്യത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അതേസമയം എഐസിസി ആസ്ഥാനത്തും രാജ്യത്തെമ്പാടും വിധിയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പങ്കിടുകയാണ്.

പരമോന്നത നീതിപീഠം രാഹുലിന് നീതി നൽകിയെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നീതിപീഠങ്ങളോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി മുന്നോട്ട് പോയത്. വയനാട്ടിൽ ജനത്തിന് എംപിയെ തിരികെ കിട്ടി. അയോഗ്യനായ ശേഷവും രാഹുൽ വയനാട്ടിലേക്ക് വന്നു, ജനത്തെ കണ്ടു. പരമാവധി ശിക്ഷ നൽകേണ്ട എന്ത് കുറ്റമാണ് രാഹുൽ ചെയ്തതെന്ന് സുപ്രീം കോടതിയും ചോദിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീം കോടതിയുടെ ചോദ്യം പ്രസക്തമാണെന്ന് കെസി വേണുഗോപാലും പറഞ്ഞു. തെറ്റിനെതിരെ ശബ്ദിക്കുന്നവരുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ സംരക്ഷണം നൽകണമെന്നാണ് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമാകുന്നത്. ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കാൻ കത്ത് നൽകും. അദാനി മോദി ബന്ധം പാർലമെന്റിൽ പറഞ്ഞ അന്ന് തുടങ്ങിയതാണ് രാഹുലിനെതിരായ നീക്കം. നിയമത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോടതികളെ ബഹുമാനിച്ചുകൊണ്ട് നിയമപരമായി വഴിയിൽ എല്ലാം നേരിടുമെന്നും കെസി വ്യക്തമാക്കി.

ന്യായം കാക്കാനും നീതി കാക്കാനും രാജ്യത്ത് നീതിപീഠങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണം കൈയ്യിലുണ്ടെന്ന് കരുതി രാജ്യത്ത് എന്തും ചെയ്യാനാകുമെന്ന് കരുതരുത്. ഇവിടെ നീതിപീഠമുണ്ടെന്ന വലിയ വിശ്വാസം ജനങ്ങൾക്ക് ഈ വിധിയിലൂടെ ലഭിക്കും. വർധിത വീര്യത്തോടെ മതേതര സഖ്യം മുന്നോട്ട് പോകും. അതിനായി രാഹുൽ ഗാന്ധി പാർലമെന്റിലുണ്ടാകുമെന്നത് മറ്റൊരു ആശ്വാസമാണെന്നും പികെ കുഞ്ഞാലിക്കുട്ടി.

രാഹുലിന് ആശ്വാസം | Rahul Gandhi Defamation Case

Latest Videos
Follow Us:
Download App:
  • android
  • ios