രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തണം, വയനാട്ടിൽ പ്രിയങ്ക മത്സരിക്കണം: രാജ് മോഹൻ ഉണ്ണിത്താൻ

ഈ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഇന്ത്യ മുഴുവൻ പര്യടനം നടത്തി പ്രചാരണം നടത്തുകയായിരുന്നു. അവർ സ്റ്റാർ ക്യാമ്പെയിനറായിരുന്നു

Rahul Gandhi should retain Rae Bareli Priyanka Gandhi should contest in Wayanad says Rajmohan Unnithan

കാസർകോട്: രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി, വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി ഏഷ്യാനെറ്റ് ന്യൂസിനോട്. ഈ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഇന്ത്യ മുഴുവൻ പര്യടനം നടത്തി പ്രചാരണം നടത്തുകയായിരുന്നു. അവർ സ്റ്റാർ ക്യാമ്പെയിനറായിരുന്നു. തൃശൂരിൽ കെ മുരളീധരൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി സമഗ്രമായി പഠിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

മത്സരിച്ച വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലും രാഹുൽ ജയിച്ചതോടെ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. ഏത് മണ്ഡലം നിലനിർത്തുമെന്ന് രാഹുൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ രാഹുൽ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ൽ റായ്ബറേലിയിൽ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ൽ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയിൽ പരാജയപ്പെടുത്തിയത്.  മണ്ഡലത്തിലെ 66.17 ശതമാനം വോട്ടും നേടിയാണ് രാഹുൽ ഇത്തവണ റായ്ബറേലിയിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 28.64 ശതമാനം വോട്ടുകൾ മാത്രമാണ് മണ്ഡലത്തിൽ നേടാനായത്. വയനാട്ടിൽ നിന്ന് രണ്ടാമൂഴം തേടിയപ്പോൾ രാഹുൽ 647445 വോട്ടുകളാണ് നേടിയത്. 364422 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്.

ഭരണഘടനയെ സംരക്ഷിക്കാൻ ഒപ്പം നിന്നവർക്ക് നന്ദിയെന്നാണ് രാഹുലിന്‍റെ ആദ്യ പ്രതികരണം. നടന്നത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരായ പോരാട്ടമാണ്. രാജ്യത്തെ തകർക്കാൻ മോദിയെയും അമിത് ഷായെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യത്തിലെ കക്ഷികൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും റായ്ബറേലിയിലും വയനാട്ടിലെയും വോട്ടർമാർക്കും രാഹുൽ ​ഗാന്ധി നന്ദി അറിയിച്ചു. ഭരണഘടന സ്ഥാപനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി ഇന്നലെ വ്യക്തമാക്കുകയുണ്ടായി.

'ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്'; മിന്നുംജയത്തിന് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് ഷാഫി പറമ്പിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios