ചോദ്യപേപ്പർ ഒരിക്കലും ചോർത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷൻസ്; തങ്ങൾ മാത്രം ക്രൂശിക്കപ്പെടുന്നുവെന്ന് സിഇഒ
ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസിന്റെ സിഇഒ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു
കോഴിക്കോട്: ചോദ്യ പേപ്പർ ഒരിക്കൽ പോലും ചോർത്തിയിട്ടില്ലെന്ന് എം എസ് സൊല്യൂഷൻസിന്റെ സിഇഒ എം ഷുഹൈബ്. ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങൾ പ്രവചിക്കുകയാണ് ചെയ്യുന്നതെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ചോദ്യങ്ങൾ പ്രവചിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എസ്‌എൽസി കെമിസ്ട്രി പരീക്ഷയിൽ താൻ പ്രവചിച്ച നാലു ചോദ്യങ്ങൾ മാത്രമാണ് വന്നതെന്നും ഷുഹൈബ് പ്രതികരിച്ചു.
ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടക്കുമ്പോൾ കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ച് വീഡിയോ പുറത്തുവിട്ടത് വിദ്യാഭ്യാസ വകുപ്പിനോടുള്ള വെല്ലുവിളിയായി കാണേണ്ടതില്ല. ക്ലാസ് കാത്തിരുന്ന കുട്ടികൾക്ക് വേണ്ടിയാണ് ലൈവ് വന്നത്. ഈ മേഖലയിൽ ചോദ്യപേപ്പർ ചോർത്തപ്പെടുന്നുണ്ട് എന്ന് കരുതുന്നില്ല. സ്കൂൾ അധ്യാപകർ ആരും സ്ഥാപനവുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നില്ല. അശ്ലീല പരാമർശങ്ങൾ അടങ്ങിയ ക്ലാസുകൾ ഇതുവരെ എടുത്തിട്ടില്ലെന്നും ഷുഹൈബ് പറഞ്ഞു.
കുട്ടികൾക്കായി തമാശ പറഞ്ഞു ക്ലാസ് എടുക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം പരാതിയിൽ മറ്റു സ്ഥാപനങ്ങളുടെ പേരുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് തങ്ങൾ മാത്രമാണെന്നും പറയുന്നു. മുമ്പ് ചോദ്യപേപ്പർ ചോർച്ച പരാതി ഉയർന്നപ്പോളും ഇത് തന്നെയായിരുന്നു സ്ഥിതി. നിയമ നടപടികളുമായി സഹകരിച്ചു ക്ലാസുകളുമായി മുന്നോട്ട് പോകുമെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും ഷുഹൈബ് പറഞ്ഞു.