ചോദ്യപേപ്പർ ചോർച്ച; എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം

മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് നീക്കം.

question paper leak crime branch team move to take statements of ms solutions owners

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ് നൽകി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് സംഘം. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് നീക്കം. മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് നീക്കം. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം എഫ്ഐആർ ഇടുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കൊടുവള്ളി ആസ്ഥാനമായുള്ള എം എസ് സൊല്യൂഷന്‍സിനെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് വിശദീകരണവുമായി സി ഇ ഓ എം ഷുഹൈബ് രംഗത്തുവന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് എം എസ് സൊല്യൂഷൻസിന്റെ സിഇഒ ഷുഹൈബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വകാര്യ ടൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരാളും പ്രവചിക്കുന്നതേ താനും പ്രവചിച്ചിട്ടൂള്ളൂവെന്ന് ഷുഹൈബ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റു പ്ലാറ്റ്ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:  കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷൻസ് പ്രവചിച്ച ചോദ്യങ്ങൾ വന്നോ? വിദ്യാര്‍ത്ഥികൾ പറയുന്നു...

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം. എംഎസ് സൊല്യൂഷന്‍സിലെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഫാന്‍പേജുകളില്‍ നിന്നും വീഡിയോ നീക്കിയതിനാല്‍ ഫേസ്ബുക്ക് ഉടമകളായ മെറ്റാ കമ്പനിയില്‍ നിന്നും വിശദാംശം തേടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios