Asianet News MalayalamAsianet News Malayalam

എഡിജിപി ആ‍ർഎസ്എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടിയെന്ന് അൻവർ; പുനർജനി കേസിൽ ഇഡി അന്വേഷണത്തിന് വെല്ലുവിളി

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശ്ശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മുമ്പാകെ മൊഴി നൽകാനായി മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് പിവി അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്

PV Anwar says ADGP met RSS leader for VD Satheesan
Author
First Published Sep 7, 2024, 11:41 AM IST | Last Updated Sep 7, 2024, 11:41 AM IST

മലപ്പുറം എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടിയാണെന്ന് പിവി അൻവർ എംഎൽഎ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഡിജിപിയും ആ‍ർഎസ്എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എഡിജിപിക്ക് ആർഎസ്എസുമായും യുഡിഎഫുമായും ബന്ധമുണ്ട്. ഇവർ ഇത്തരത്തിൽ പല പ്രശ്നങ്ങളും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ ഉണ്ടാക്കുന്നുണ്ട്. പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം അട്ടിമറിച്ചത് എഡിജിപി ഇടപെട്ടാണ്. പ്രതിപക്ഷ നേതാവിന് ധൈര്യമുണ്ടെങ്കിൽ പുനർജനി കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെടട്ടെയെന്നും പിവി അൻവർ വെല്ലുവിളിച്ചു.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശ്ശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മുമ്പാകെ മൊഴി നൽകാനായി മലപ്പുറം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് പിവി അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. 22ാം തീയ്യതി പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിച്ചത് തൻ്റെ ഫോൺ എഡിജിപി ചോർത്തിയതിന് പിന്നാലെയാണ്. എഡിജിപി ആവശ്യപ്പെട്ടിട്ടാണ് മാധ്യമപ്രവർത്തകരെ പ്രതിപക്ഷ നേതാവ് അടിയന്തിരമായി വിളിച്ചുവരുത്തിയത്. മൊഴിയെടുപ്പിൽ പി ശശിയും എഡിജിപിയുമായി ബന്ധത്തെ കുറിച്ച് ചോദിച്ചാൽ അതും പറയും. എഡിജിപിക്കെതിരെ തൻ്റെ കൈയ്യിലുള്ള എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ വ്യക്തമാക്കി.

പൊലീസിനെതിരെ പരാതി അറിയിക്കാൻ താൻ കൊണ്ടുവന്ന പുതിയ വാട്സ് ആപ് നമ്പറിൽ തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുന്നുവെന്ന് പിവി അൻവർ പറ‌ഞ്ഞു. ഇന്നലെ പുറത്തിറക്കിയ വാട്സ്ആപ്പ് നമ്പറിൽ ഇരുന്നൂറോളം വിവരങ്ങൾ ലഭിച്ചു. പൊലീസിലെ 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിൽ പരാതി കൈകാര്യം ചെയ്യുന്നത്. വാട്‌സ്ആപ്പ് നമ്പറിൽ ലഭിച്ച പരാതികൾ എല്ലാം പാർട്ടിക്കാരുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കും. കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അൻവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios