പിവി അൻവർ എംഎൽഎയെ തടഞ്ഞു; മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല
പാറാവ് ഡ്യൂട്ടിയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയെ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയിലേക്ക് കടത്തിവിട്ടില്ല.
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയിൽ എത്തിയ പി. വി. അൻവർ എം എൽ എ യെ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ല. എസ് പിയുടെ വസതിയിൽ നിന്നും മരങ്ങൾ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അൻവർ എം.എൽ.എ വൈകിട്ട് അഞ്ചുമണിയോടെ മലപ്പുറത്ത് എസ് പിയുടെ വീട്ടിലെത്തിയത് .എസ് പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എം എല്‍ എ പൊലീസിനെ നിര്‍ബന്ധിച്ചു.
എം എല്‍ എക്ക് അവകാശമുണ്ടെന്നും മുറിച്ച മരത്തിന്‍റെ കുറ്റി കാണണമെന്നും അൻവര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് അറിയിച്ച് പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥൻ അൻവറിനെ തടയുകയായിരുന്നു. ഏറെ നേരം സംസാരിച്ചിട്ടും പൊലീസുദ്യോഗസ്ഥൻ കടത്തിവിടാതെ വന്നതോടെ അൻവർ പിന്നീട് മടങ്ങി. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തില്‍ എസ് പിയെ അപമാനിച്ച് സംസാരിച്ചതിന്‍റെ പേരില്‍ എം എല്‍ എയും എസ്പിയും തമ്മില്‍ നല്ല ബന്ധത്തിലല്ല. പി വി അൻവറിനെതിരെ ഐ പി എസ് അസോസിയേഷനും പരാതിയുമായി രംഗത്തു വന്നിരുന്നു.
പൊതുവേദിയിൽ പി വി അൻവർ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പി വി അൻവര്‍ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തില്‍ ആവശ്യപ്പെട്ടത്.
ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടായിരുന്നു എംഎൽഎയുടെ പരിഹാസം. 'കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്.'-എന്നാണ് പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.