'സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു'; പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ
രാജ്ഭവനില്‍ നേരിട്ടെത്തിയാണ് പി വി അൻവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്. പൊലീസിനെതിരെയടക്കം താൻ പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മുന്നണി വിട്ട നിലമ്പൂർ എംഎൽഎ പിവി അൻവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിലെത്തി കണ്ടു. പൊലീസിനെതിരെയടക്കം താൻ പുറത്ത് കൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് പി വി അൻവർ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭയില്‍ തന്നെ പ്രതിപക്ഷ ഭാഗത്ത് ഇരുത്തേണ്ട ജോലി സ്പീക്കർ എടുക്കണ്ടെന്നും പി വി അൻവർ പറഞ്ഞു. ഗവർണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവർണറെ കണ്ടത്. ചില തെളിവുകൾ കൂടി ഗവർണർക്ക് കൈമാറുമെന്നും പി വി അൻവർ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് വോട്ട് ചെയ്ത കേരളത്തിലെ എംഎൽഎ ആരാണെന്ന് തനിക്ക് അറിയാമെന്നും ഇടത് പക്ഷം നിഷേധിച്ചാൽ പേര് വെളിപ്പെടുത്തുമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം