പൊലീസ് കാണിക്കുന്നത് ഗുണ്ടായിസമെന്ന് പി വി അന്‍വര്‍; 'അബ്ദുള്‍ സത്താറിനോട് കാണിച്ചത് കടുത്ത അനീതി'
ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണെന്ന് പി വി അന്‍വര്‍ വിമര്‍ശിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട്: പൊലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു. തട്ടിപ്പ് സംഘത്തിന്‍റെ സ്വഭാവം കാണിക്കുകയാണ് പൊലീസെന്നാണ് വിമർശനം. ഏറ്റവും മോശം പൊലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട്ടേക്കും മലപ്പുറത്തേക്കും വിടുകയാണ്. അബ്ദുള്‍ സത്താറിനോട് പൊലീസ് കാട്ടിയത് ഗുണ്ടായിസമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലുടനീളം ഇതാണ് സ്ഥിതിയെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ അബ്ദുൾ സത്താറിൻ്റെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പി വി അന്‍വര്‍.
കേരളത്തിൽ പൊലീസിൻ്റെ ഏറ്റവും വലിയ ഇരകൾ ഓട്ടോ തൊഴിലാളിക്കും ഇരുചക്രവാഹനം ഓടിക്കുന്നവരുമാണ്. തട്ടിപ്പ് സംഘത്തിൻ്റെ തനി സ്വഭാവമാണ് പൊലീസ് കാണിക്കുന്നത്. കേരളത്തിൽ പൊലീസിനെ കണ്ടാൽ ജനങ്ങൾക്ക് പേടിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് പൊതുപ്രവർത്തകർക്ക് കയറി ചെല്ലാൻ സാധിക്കുന്നില്ല. എല്ലാം മറച്ചു വെച്ച് മാന്യമായ ഭരണം നടത്തുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. എസ്ഐ അനൂപിനെ പിരിച്ച് വിടണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. സർക്കാർ സത്താറിൻ്റെ കുടുംബത്തിന് വീട് വെച്ച് കൊടുക്കണം. കുടുംബത്തിൻ്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ 10 രൂപയെങ്കിലും കുടുംബത്തിന് നൽകണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം