'പുതുപ്പള്ളി സാധു'വിനെ ഉടൻ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ല, വിശ്രമം ആവശ്യമാണെന്ന് ആന പാപ്പാൻ
ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ ഇന്ന് രാവിലെ കണ്ടെത്തിയത്.
കൊച്ചി: കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ കാട് കയറിയ പുതുപ്പള്ളി സാധു എന്ന ആനയെ തിരികെ പുതുപ്പള്ളിയിൽ എത്തിച്ചു. ആനയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി എന്ന് ആന പാപ്പാൻ മണിമല ബിജു പ്രതികരിച്ചു. ആനയെ ഉടൻ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ലെന്നും വിശ്രമം ആവശ്യമാണെന്നും ആന പാപ്പാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇന്നലെ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. വനപാലകരും പാപ്പാൻമാരും ഉൾക്കാടിന് ചുറ്റും ആനയെ തേടുമ്പോൾ തുണ്ടത്തിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം തന്നെ സാധുവായി നിൽക്കുന്നുണ്ടായിരുന്നു 'പുതുപ്പള്ളി സാധു'. വനം വകുപ്പ് സംഘത്തിനൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ സാധുവിനെ അനുനയിപ്പിച്ചു. കുടിക്കാൻ വെള്ളവും കഴിക്കാൻ കടല മുട്ടായിയും കൊടുത്തു. ആനപ്രേമികളുടെ പ്രിയങ്കരനായ സാധുവിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് വനം വകുപ്പ് അറിയിച്ചു.
വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഒപ്പം അഭിനയിക്കാൻ എത്തിയ മണികണ്ഠൻ എന്ന ആനയുടെ കുത്തേറ്റ് പുതുപ്പള്ളി സാധു ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഉൾക്കാട്ടിലേക്ക് ഓടിക്കയറിയത്. രാത്രി നടത്തിയ തെരച്ചിലിൽ ആനയെ കണ്ടെത്താൻ കഴിയാഞ്ഞതോടെയാണ് ഇന്ന് പുലർച്ചെ മുതൽ വീണ്ടും തെരച്ചിൽ തുടങ്ങിയത്. കുത്തേറ്റെങ്കിലും സാധുവിന് പരുക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് വനം വകുപ്പ് അറിയിച്ചു.
പേര് പോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ. കാട് വളരെ പരിചിതമായ ആന തിരികെ വരും എന്നാണ് എല്ലാവരും കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം