'മിത്തിൽ' മുഖാമുഖം, പുതുപ്പള്ളിയിൽ സിപിഎമ്മും എൻഎസ്എസും പിണക്കം മറന്നു; സുകുമാരൻ നായരെ സന്ദർശിച്ച് ജെയ്ക്ക്
മിത്ത് വിവാദത്തിൽ മുഖാമുഖം വന്ന എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ പിണക്കം മറന്നു.
കോട്ടയം : കേരളമാകെ ചർച്ച ചെയ്ത മിത്ത് വിവാദത്തിന് പിന്നാലെയാണ് പുതുപ്പള്ളിയിൽ ഉപ തെരഞ്ഞെടുപ്പ് വിജഞാപനം വന്നത്. 'മിത്തിൽ' പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളിയിൽ പക്ഷേ പിണക്കം മറന്നു. സഭാ, സാമുദായിക നേതാക്കളെ നേരിൽ കണ്ട് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസും പ്രചാരണം തുടങ്ങി.
മിത്ത് വിവാദത്തിൽ മുഖാമുഖം വന്ന എൻഎസ്എസിനെ അനുനയിപ്പിക്കാനാണ് ഇടത് നീക്കം. മന്ത്രി വിഎൻ വാസവന് ഒപ്പം ജെയ്ക്ക് സി തോമസ് രാവിലെ പെരുന്നയിലെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ കണിച്ചുകുളങ്ങരിയിലെത്തി വെള്ളാപ്പള്ളി നടേശനെയും ഇടത് സ്ഥാനാർഥി കണ്ടിരുന്നു. ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാക്ഷ്യനുമായും ജെയ്ക്ക് കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കും മുമ്പ് തന്നെ സഭാ സാമുദായിക വോട്ടുറുപ്പാക്കാനാണ് സിപിഎം ശ്രമം.
അതേ സമയം, പള്ളിത്തർക്കം സങ്കീർണമായി നിൽക്കെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വീകരിച്ചത്. ഓർത്തഡോക്സ് സഭക്ക് അനുകൂലമായ വിധിയാണെങ്കിലും അത് നടപ്പിലാക്കാൻ തടസങ്ങളുണ്ടെന്നും രണ്ട് വിഭാഗക്കാരും യോജിച്ച് മുന്നോട്ട് പോകണമെന്നും സിപിഎം സംസ്ഥാ സെക്രട്ടറി ആവശ്യപ്പെട്ടു. പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്. പളളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണമെന്ന് പറയുന്നത് സങ്കീർണ്ണമായ കാര്യമാണ്. ഇരുകൂട്ടരും സമാധാനപരമായി ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നും വിഷയത്തിൽ സർക്കാരും സിപിഎമ്മും പക്ഷം ചേരാനില്ലെന്നും എം.വി.ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഞായറാഴ്ച ദിവസം പ്രവർത്തകരോടൊപ്പം ഭവന സന്ദർശനത്തിന്‍റെ തിരക്കിലാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പള്ളിത്തർക്കമടക്കം വിവാദ ചോദ്യങ്ങളിൽ നിന്ന് ചാണ്ടി ഉമ്മൻ പക്ഷേ ഒഴിഞ്ഞുമാറി.
'പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാനുണ്ടോ? സമയവും തീയതിയും കോൺഗ്രസിന് തീരുമാനിക്കാം'
ജെയ്ക്കും എൻഎസ്എസും കൂടിക്കാഴ്ച നടത്തി