ഭൂരിപക്ഷം കണക്ക് കൂട്ടി യുഡിഎഫ്; ജയിക്കുമെന്ന് പ്രതീക്ഷിച്ച് എൽഡിഎഫ്; പുതുപ്പള്ളിയിൽ വോട്ടെണ്ണൽ 8ന്
നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്.
കോട്ടയം: 72.91 ശതമാനം പോളിംഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂര്‍ത്തിയായി. മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.
എന്നാൽ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി. തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വo. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും ഇന്ന് വിശദമായി വിലയിരുത്തും.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം. ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്.
പുതുപ്പളളിയിൽ വോട്ടെടുപ്പ് ദിനവും ഉമ്മൻചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു. ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു.