വോട്ടു തേടി ജെയ്ക്, വിജയാശംസകൾ നേർന്ന് മന്ത്രിമാരായ എം.ബി രാജേഷും വി. ശിവൻകുട്ടിയും ഇടത് എംഎൽഎമാരും
'നാടിന്റെ വികസനം എന്ന സ്വപ്‌നം പൂർത്തീകരിക്കേണ്ടതുണ്ട്. അതിനായി ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടു നൽകണം'- ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപനം വന്നതിന് പിന്നാലെ വോട്ടു തേടി ജെയ്ക് സി തോമസ്. പുതുപ്പള്ളിയിലെ ജനകീയ ആവശ്യങ്ങള്‍ക്കായി ഇതുവരെ ഒന്നിച്ചാണ് നീങ്ങിയത്. നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രചരണപ്രവർത്തനങ്ങളിൽ ഒന്നിച്ച് നീങ്ങാമെന്ന് ജെയ്ക് സി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
നാടിന്റെ വികസനം എന്ന സ്വപ്‌നം പൂർത്തീകരിക്കേണ്ടതുണ്ട്. അതിനായി ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടു നൽകണമെന്ന് ജെയ്ക്ക് അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ വിജയാശംകള്‍ നേർന്ന് ഇടത് മന്ത്രിമാരടക്കം നിരവധി ഇടത് നേതാക്കള്‍ കമന്‍റുമായെത്തി. ജനങ്ങൾക്കൊപ്പം നിന്ന ജനങ്ങളിൽ നിന്നുയർന്നുവന്ന യുവ നേതാവാണ് ജെയ്ക്ക്. പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് ജെയ്ക് സി തോമസിന് വിജയാശംസകൾ- മന്ത്രി എംബി രാജേഷ് കമന്‍റ് ചെയ്തു.
നാടിന്റെ വികസനത്തിന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടിയും കമന്‍റ് ചെയ്തു. എഎ റഹീം എംപി, എംഎൽഎമാരായ ഐബി സതീഷ്, ലിന്‍റോ ജോസഫ്, സേവിയർ ചിറ്റിലപ്പള്ളി, പിവി ശ്രീനിജൻ, അഡ്വ. ജി. സ്റ്റീഫൻ, സിഎച്ച് കുഞ്ഞമ്പു, കാനത്തിൽ ജമീല, കെ. ആൻസലൻ തുടങ്ങിയവരും നിരവധി ഇടത് നേതാക്കളും വിജയാശകളുമായി രംഗത്തെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇന്ന് എൽഡിഎഫിന്‍റെ സ്ഥാനാർത്തിയായി ജെയ്ക്കിനെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ യുഡിഎഫിന്‍റെ ചാണ്ടി ഉമ്മനെയാണ് ജെയ്ക് സി തോമസ് നേരിടുക. ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.
ജെയ്ക്ക് സി തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പട്ടവരെ,
സെപ്റ്റംബർ 5 തീയതി നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ഞാൻ മത്‌സരിക്കുന്ന വിവരം സി പി ഐ എം സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻമാസ്റ്റർ പ്രഖ്യാപിച്ചത് നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ.
പുതുപ്പള്ളിയിലെ എല്ലാ ജനകീയ ആവശ്യങ്ങളിലും കഴിഞ്ഞകാലങ്ങളിൽ നമ്മൾ ഒന്നിച്ചാണല്ലോ നീങ്ങിയത്. നാടിന്റെ വികസനം എന്ന സ്വപ്‌നം പൂർത്തീകരിക്കേണ്ടതുണ്ട്. നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ്. മാറ്റത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിങ്ങൾ എല്ലാവരും ഉണ്ടാകുമല്ലോ. പ്രചരണപ്രവർത്തനങ്ങളിൽ നമുക്ക് ഒന്നിച്ച് നീങ്ങാം.
ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ എനിക്ക് വോട്ടു നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Read More : മുതിർന്ന ബിജെപി നേതാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായി, വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ