'പുതിയ പുണ്യാളാ ജെയ്ക്കിന്‍റെ വിജയത്തിന് പ്രാർത്ഥിക്കണേ'; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അപേക്ഷ, പുതിയ വിവാദം
'പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വിശുദ്ധ ചാണ്ടി സാറെ, സഖാവ് ജെയ്ക്കിന്‍റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണേ' എന്നാണ് കല്ലറയിൽ പ്രത്യക്ഷപ്പട്ട കുറിപ്പ്.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തിലും വിട്ടൊഴിയാതെ വിവാദം. വോട്ടെടുപ്പ് പുരോഗമിക്കവേ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. 'പുതിയ പുണ്യാളാ ജെയ്ക്കിന് വേണ്ടി പ്രാർത്ഥിക്കണമേ' എന്നാവശ്യപ്പെട്ട് ഒരു കുറിപ്പ് കല്ലറയിൽ പ്രത്യക്ഷപ്പെട്ടു. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണണ്ടിയെ അവഹേളിക്കാനാണെന്നും പിന്നിൽ ഇടത് സൈബർ കേന്ദ്രങ്ങളാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
'പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വിശുദ്ധ ചാണ്ടി സാറെ, സഖാവ് ജെയ്ക്കിന്‍റെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണേ' എന്നാണ് കല്ലറയിൽ പ്രത്യക്ഷപ്പട്ട കുറിപ്പ്. ഇത് ഉമ്മൻ ചാണ്ടിയെ അവഹേളിക്കനാണെന്ന് കോൺഗ്രസ് പ്രവർത്തർ പറയുന്നു. മെൽബിൻ സെബാസ്റ്റ്യൻ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. 'ഇലക്ഷൻ ആയതുകൊണ്ട് രാവിലെ പുതിയ പുണ്യാളന്‍റെ അടുത്ത് പോയി സഖാവ് ജെയിക്കിന്‍റെ വിജയത്തിന് വേണ്ടി പ്രാർത്ഥന സമർപ്പിച്ചിട്ടുണ്ട്. പുണ്യാളൻ ഒർജിനൽ ആണോ എന്ന് എട്ടാം തീയതി അറിയാം'- എന്നാണ് മെൽബിൻ സെബാസ്റ്റ്യൻ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മരിച്ച് പോയ ഉമ്മൻ ചാണ്ടിയെ പോലും ഇടത് സൈബർ അണികള്‍ വെറുതെ വിടുന്നില്ലെന്നും പള്ളിയെയും സഭയേയും സിപിഎം അവഹേളിച്ചുവെന്നും കോണ്‍ഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡന്‍റ് സിബി ആരോപിച്ചു. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. ഇന്ന് തെരഞ്ഞെടുപ്പ് ദിനമാണ്. ഇന്ന് തന്നെ ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം മോശമാണ്. ആസൂത്രിതമായാണ് ഈ പ്രവർത്തിയെന്നും സിബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read More : വാദങ്ങൾ പൊള്ള, കേരളം കണക്കുകൾ കൊടുത്തില്ല, കർഷക കുടിശ്ശികയിൽ കേന്ദ്രത്തിന് വീഴ്ചയില്ലെന്ന് കൊടിക്കുന്നിൽ
'പുതിയ പുണ്യാളാ ജെയ്ക്കിന് വേണ്ടി പ്രാർത്ഥിക്കണമേ...'; പുതുപ്പള്ളിയിൽ പുതിയ വിവാദം- വീഡിയോ സ്റ്റോറി