സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധം: പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്
ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ രേഷ്മയെ നിജിലിനെ ഒളിവിൽ പാർപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു
കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം പിടിയിലായ നിജിൽ ദാസിനെ ഒളിവിൽ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിന് കേടുപാടുകൾ പറ്റി. പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് വീട്ടുടമസ്ഥയായ അധ്യാപിക രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണിവർ. ഹരിദാസ് വധത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസ് ആണെന്ന് തുടക്കം മുതൽ സിപിഎം ആരോപിക്കുന്നുണ്ടായിരുന്നു. ബോംബേറ് ഉണ്ടായതറിഞ്ഞ് പിണറായി പൊലീസ് സ്ഥലത്തേക്ക് പോയി.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊലയാളികൾക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പൻ മട്ടിലായിരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.
കൊലയാളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്‍റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.