പൊതുപ്രവർത്തകർക്ക് ജാഗ്രത വേണം, സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടണം: മുല്ലപ്പള്ളി രാമചന്ദ്രൻ
സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് എന്ന ബോധം പൊതു പ്രവർത്തകർക്ക് വേണം. സുധാകരൻ മോൺസൻ്റെ അടുത്ത് പോയതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: മോൻസണുമായുള്ള സുധാകരന്റെ ബന്ധത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമൂഹം സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ട് എന്ന ബോധം പൊതു പ്രവർത്തകർക്ക് വേണം. സുധാകരൻ മോൺസൻ്റെ അടുത്ത് പോയതിൽ ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി നേതൃത്വം ഇടപെടണം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. കേരളത്തിലെ പ്രശ്നം എന്ന പേരിൽ കേന്ദ്ര നേതാക്കൾ മാറി നിൽക്കരുത്. കേരളത്തിൽ മുമ്പും കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജനാധിപത്യത്തിന്റെ ഭാഗമാണ് തർക്കങ്ങൾ. അതെല്ലാം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഒറ്റപ്പെട്ട സംഭവമായി കരുതേണ്ടതില്ല. ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലായെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
മോന്‍സണ്‍ മാവുങ്കലിന്റെടുത്തേക്ക് ചികിത്സയ്ക്ക് താന്‍ മാത്രമല്ല സിനിമാതാരങ്ങളും പൊലീസ് ഓഫീസര്‍മാരും പോയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പ്രതികരിച്ചിരുന്നു. സിനിമാ നടന്‍ ദേവനെ അവിടെ കണ്ടിട്ടുണ്ട്. ഉന്നതരായ മറ്റു പലരെയും അവിടെ കണ്ടിട്ടുണ്ട്. നാട്ടുവൈദ്യങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താന്‍. വയനാട്ടിലെ കേളുവൈദ്യര്‍ ഉള്‍പ്പെടെയുള്ളവരുടെ ചികിത്സകൊണ്ടു തനിക്ക് ഏറെ ഗുണം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോന്‍സന്റെയടുത്തു പോയത്. അയാള്‍ ചെയ്ത കാര്യങ്ങള്‍ നിയമത്തിന് മുന്‍പില്‍ അതീവ ഗുരുതരമായ തെറ്റുകളാണ്. അതിനെയൊന്നും ന്യായീകരിക്കാന്‍ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
പുരാവസ്തു കേസിലെ പരാതിക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഈ ചെറുപ്പക്കാര്‍ എന്തിന് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന അന്വേഷണത്തിലായിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ സി പി എമ്മാണെന്ന് ഇപ്പോഴാണ് മനസിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ, നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയനേതൃത്വത്തിന് ഇങ്ങനെ തോന്നുമോ? കെട്ടുകഥയുണ്ടാക്കി പൊതുപ്രവര്‍ത്തകനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം: നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതി, അന്വേഷണമുണ്ടാകും
അതേസമയം, നിഖിൽ തോമസിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം. നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി.
നിധിൻ അഗർവാൾ ഇല്ല, ആരാകും സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി, മൂന്നംഗ പാനൽ റെഡി