സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്കൂളുകള്‍ക്കെതിരെ നടപടി, അടുത്ത കായികമേളയിൽ നിന്ന് വിലക്കി
സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്ക്. തിരുനാവായ നാവാ മുകുന്ദ സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ സ്കൂളിനെയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് വിലക്കിയത്.
തിരുവനന്തപുരം:ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധത്തിന്‍റെ പേരില്‍ രണ്ട് സ്കൂളുകള്‍ക്ക് വിലക്കുമായി സര്‍ക്കാര്‍. തിരുനാവായ നാവാ മുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയും, കോതമംഗംലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയുമാണ് അടുത്ത കായിക മേളയില്‍ നിന്ന് വിലക്കിയത്. തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു എറണാകുളത്ത് നടന്ന കായിക മേളയില്‍ രണ്ട് സ്കൂളുകളും വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.
ഇവരുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി. സ്കൂള്‍ കായികമേള സംഘര്‍ത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്കും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കായികമേളയിൽ പലതവണ ചാംപ്യന്മാരായ ടീമാണ് കോതമംഗലം മാര്‍ ബേസിൽ സ്കൂള്‍. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ എല്ലാ വേദികളിലും 9.30ന് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. ഇ-അപ്പീലുകള്‍ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങളുണ്ടാകും. ഫസ്റ്റ് കോളും സെക്കന്‍ഡ് കോളും തേര്‍ഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിലെ മകന്‍റെ വസതിയിൽ