13 വര്‍ഷം ഒളിവിലിരിക്കാൻ സവാദിനെ സഹായിച്ചതാര്? കാണാമറയത്ത് കഴിഞ്ഞതെവിടെ? സംരക്ഷിച്ചവരെ പിടികൂടാൻ എന്‍ഐഎ
എട്ട് വർഷത്തിലധികമായി കാസർകോട്,കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്.വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിക്കുന്നുണ്ട്
കണ്ണൂര്‍: അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിന് സംരക്ഷണം നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണവുമായി എന്‍ഐഎ.പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്‍റെ ഒളിവുജീവിതമെന്നാണ് എൻഐഎ കണ്ടെത്തൽ.13വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം. വിദേശത്തായിരുന്നുവെന്ന് പറയപ്പെടുന്ന സവാദ് എപ്പോഴാണ് കേരളത്തിലെത്തിയതെന്ന കാര്യത്തിന് ഉള്‍പ്പെടെ വ്യക്തത വരേണ്ടതുണ്ട്.
അതേസമയം,കൈവെട്ട് കേസ് പ്രതിയെന്ന് അറിയാതെയാണ് എട്ട് വർഷം മുമ്പ് മകളെ വിവാഹം കഴിച്ച് നൽകിയതെന്ന് സവാദിന്‍റെ ഭാര്യാപിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഷാജഹാനെന്ന കളളപ്പേരിലായിരുന്നു കല്യാണം കഴിച്ചത്. 2016ലാണ് സവാദ് വിവാഹം കഴിച്ചത്.കാസർകോട് മഞ്ചേശ്വരം സ്വദേശിയായ യുവതി 2016ലാണ് സവാദ് വിവാഹം ചെയ്യുന്നത്. ഉളളാൾ ദർഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നാണ് ഭാര്യാപിതാവ് പറയുന്നത്.പിന്നീട് വിവാഹശേഷം കണ്ണൂരിലെത്തി,വളപട്ടണത്തും ഇരിട്ടി വിളക്കോടും പിന്നീട് മട്ടന്നൂർ ബേരത്തും വാടകയ്ക്ക് കഴിഞ്ഞു. തന്‍റെ വിവരങ്ങളെല്ലാം മറച്ചുവച്ചുകൊണ്ടായിരുന്നു സവാദിന്‍റെ ഒളിവ് ജീവിതം.
ഭാര്യയുടെ രേഖകളും വിലാസവുമാണ് വാടകവീടെടുക്കാൻ നൽകിയത്. ഭാര്യ ഗർഭിണിയായി ബേരത്ത് എത്തിയപ്പോൾ ആശാ വർക്കർമാർക്കും പൂർണ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി. ഇളയ കുഞ്ഞിന്‍റെ ജനന രേഖയിൽ നിന്നാണ് ഷാജഹാന്‍ തന്നെയാണ് സവാദ് എന്ന് എന്‍ഐഎ ഉറപ്പിക്കുന്നതെന്നാണ് വിവരം. കണ്ണൂരില്‍നിന്നാണ് സവാദ് മരപ്പണി പഠിച്ചത്.വാടകവീടെടുക്കാനും മരപ്പണിക്കും സഹായം നൽകിയത് പോപ്പുലർ ഫ്രണ്ട് ബന്ധമുളളവരെന്ന് എൻഐഎക്ക് വ്യക്തമായിട്ടുണ്ട്. എട്ട് വർഷത്തിലധികമായി കാസർകോട്,കണ്ണൂർ ഭാഗങ്ങളിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് പിടികൊടുക്കാതെ സവാദ് ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്.വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇയാളുടെ തിരിച്ചറിയൽ രേഖകളും എൻഐഎ പരിശോധിക്കുന്നുണ്ട്.
ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം, അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍