വയനാടിന് മെച്ചപ്പെട്ട ഭാവി വേണം, ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക വയനാട്ടിൽ
ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം
കൽപ്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനം പുരോഗമിക്കുന്നു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തിൽ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന വേളയിൽ വ്യക്തമാക്കി. ദുരന്തം നേരിട്ട ആളുകളുടെ ധൈര്യത്തിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ദുരന്ത ബാധിതരെ സഹായിക്കാൻ നാട് മുഴുവൻ ഒരുമിച്ച് നിന്നത് രാജ്യം മുഴുവൻ നോക്കി പഠിക്കേണ്ടതാണ്. ദുരന്തത്തിന് ശേഷം വിനോദ സഞ്ചരികൾ പോലും വയനാട്ടിലേക്ക് വരാൻ മടിക്കുന്നു. നമുക്ക് അത് മാറ്റിയെടുക്കണം. വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാക്കണം. അതിന് എനിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു.
'വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ ഞാൻ ശബ്ദം ഉയർത്തും. 35 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. ഇക്കാലയളവിൽ ലക്ഷക്കണക്കിന് ആളുകളെ ഞാൻ കണ്ടുമുട്ടി. പക്ഷെ ആദ്യമായിട്ടാണ് ഞാൻ മത്സരിച്ചത്. ഈ പ്രചാരണത്തിൽ ഇവിടെ കണ്ടു മുട്ടിയ ഓരോ മുഖവും ഞാൻ ജീവിതത്തിൽ എന്നും ഓർക്കും'. അവർക്കു വേണ്ടി ശബ്ദം ഉയർത്തുമെന്നും പ്രിയങ്ക വ്യക്തമാക്കി.
ലീഗ് നേതാക്കളുടെ അസാന്നിധ്യം: ആരോപണം അടിസ്ഥാന രഹിതമെന്ന് വയനാട് മുസ്ലിം ലീഗ്
പ്രിയങ്ക ഗാന്ധി എംപിയുടെ സ്വീകരണ പരിപാടികളിൽ ലീഗ് നേതാക്കളുടെ അസാന്നിധ്യം എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് വയനാട് മുസ്ലിം ലീഗ്. ലീഗിന് ഒരു അതൃപ്തിയുമില്ലെന്ന് വയനാട് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി പ്രതികരിച്ചു. മുസ്ലിം ലീഗും കോൺഗ്രസും എല്ലാം യുഡിഎഫ് എന്ന നിലയിലാണ് തീരുമാനം എടുക്കുന്നത്. മണ്ഡല അടിസ്ഥാനത്തിലുള്ള ലീഗ് നേതാക്കൾ ഓരോ പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. പാണക്കാട് തങ്ങളും സംസ്ഥാന നേതാക്കളും സ്ഥലത്തില്ല. വയനാട്ടിൽ മുസ്ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കൾ സജീവമായി വിജയാഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്നും കെ കെ അഹമ്മദ് ഹാജി പറഞ്ഞു.