വിദ്യാർത്ഥികളെ മഴയത്ത് നിർത്തി സ്വകാര്യ ബസിന്റെ ക്രൂരത, യാത്രക്കാരായി കണക്കാക്കുന്നില്ലെന്ന് പരാതി

ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് ബസിന്റെ ഡോറിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു

Private bus cruelty against students in Kannur

കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയെന്ന് പരാതി. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുൻപ് മാത്രമേ വിദ്യാർത്ഥികളെ ബസിനുള്ളിൽ കയറാൻ അനുവദിക്കൂ എന്നതാണ് മിക്കയിടത്തും പാലിച്ച് പോരുന്ന 'അലിഖിത നിയമം'. മഴയത്ത് ബസിന് മുന്നിൽ കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് തലശേരിയിൽ നിന്നുള്ള സംഭവം പുറംലോകമറിഞ്ഞത്. പരാതി നൽകിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം നടന്നത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ അവർ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാൻ കാത്ത് നിൽക്കുകയായിരുന്നു. 

ബാഗും ബുക്കുകളുമടക്കമായി വിദ്യാർത്ഥികൾ മഴ നനഞ്ഞ് നിൽക്കുന്ന വീഡിയോ കൃഷ്ണകുമാർ എന്നയാളാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തു. ബസ് തലശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. 
 
സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം മോട്ടോർ വാഹന വകുപ്പ് ബസ് ഉടമയ്ക്ക് 10000 രൂപ പിഴ ഈടാക്കി. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 

ബസ് പോകുമ്പോൾ മാത്രമേ കയറാൻ അനുവാദമുള്ളൂ എന്നും അല്ലാത്ത പക്ഷം അവർ കൺസഷന് പകരം മുഴുവൻ തുകയും ഈടാക്കുമെന്നും വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തങ്ങളെ യാത്രക്കാരായിപ്പോലും കണക്കാക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു,. അതേസമയം വിദ്യാർത്ഥികളോട് വിവേചനം കാണിക്കുകയാണെന്ന് വീഡിയോ പകർത്തിയ കൃഷ്ണകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കേരളത്തിഷ തലശേരിയിൽ കഴിഞ്ഞ ദിവസം നടന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല. 

Latest Videos
Follow Us:
Download App:
  • android
  • ios