35% വരെ സബ്സിഡി നൽകുമെന്ന വാഗ്ദാനം വിശ്വസിച്ചു; സ്വയം തൊഴിലിനിറങ്ങിയ ആയിരങ്ങള്‍ കടക്കെണിയിൽ

35 ശതമാനം വരെ സബ്സിഡി നല്‍കുമെന്ന വാഗ്ദാനത്തില്‍ പിഎംഇജിപി പദ്ധതിയില്‍ സ്വയം തൊഴിലിറങ്ങിയവരാണ്  വെട്ടിലായത്.കേരളത്തില്‍ മാത്രം 6500 പേര്‍ സബ്സിഡിക്കായി കാത്തിരിക്കുന്നതായാണ് കണക്ക്.

Prime Ministers Employment Generation Programme failed to give up to 35% subsidy amount Thousands of self-employed are in debt

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്‍റെ വാഗ്ദാനം വിശ്വസിച്ച് സ്വയം തൊഴില്‍ സംരംഭം ത‍ുടങ്ങാനിറങ്ങിയ കേരളത്തിലെ ആയിരക്കണക്കിന് സംരംഭകര്‍ കടുത്ത പ്രതിസന്ധിയില്‍. 35 ശതമാനം വരെ സബ്സിഡി നല്‍കുമെന്ന വാഗ്ദാനത്തില്‍ പിഎംഇജിപി പദ്ധതിയില്‍ സ്വയം തൊഴിലിറങ്ങിയവരാണ് വെട്ടിലായത്. സബ്സിഡി പാസാകാത്തതിനാല്‍ വന്‍ തുക പലിശ നല്‍കേണ്ട ഗതിയിലാണ് പലരും.
സ്വയം സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനും അതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതിയാണ് പ്രധാന മന്ത്രി തൊഴില്‍ ദായക പദ്ധതി.

35 ശതമാനം വരെ സബ്സിഡി, ബാങ്ക് വായ്പ, സംരംഭം തുടങ്ങാന്‍ കയ്യില്‍ നിന്നിടേണ്ടത് ആകെ പദ്ധതി ചെലവിന്‍റെ 10 ശതമാനം മാത്ര തുക എന്നിങ്ങനെയായിരുന്നു പദ്ധതിയുടെ സവിശേഷതകള്‍. എന്നാല്‍, ഇതെല്ലാം വിശ്വസിച്ച് സംരംഭങ്ങള്‍ തുടങ്ങിയവരാണ് ഇന്ന് പ്രതിസന്ധിയില്‍ നട്ടം തിരിയുന്നത്. താമരശേരി സ്വദേശി ജസീന പലഹാര നിര്‍മാണ യൂണിറ്റാണ് തുടങ്ങിയത്. ലക്ഷ്കണക്കിന് രൂപ ചെലവിട്ട് യന്ത്രസാമഗ്രികള്‍ അടക്കം വാങ്ങി. ഇപ്പോള്‍ ബാങ്ക് വായ്പ തിരിച്ചടയക്കാന്‍ പെടാപ്പാട് പെടുകയാണ്. സംരംഭം വിജയിക്കാത്തതല്ല, മറിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സബ്സിഡി കിട്ടാത്തതാണ് ഇപ്പോള്‍ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.

പിഎംഇജിപി പദ്ധതിക്കു കീഴിലെ സംരംഭങ്ങള്‍ക്കുളള സബ്സിഡി തുക സംരംഭം തുടങ്ങി ഉടന്‍തന്നെ സംരംഭകരുടെ പേരില്‍ ബാങ്കിലേക്ക് എത്തുമെങ്കിലും സംരംഭം പ്രവര്‍ത്തനക്ഷമമെന്ന് കാട്ടിയുളള പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമെ സബ്സിഡി തുക ലോണില്‍ അഡ്ജസ്റ്റ് ചെയ്യു. മുബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിക്കായിരുന്നു പരിശോധനയുടെ ചുമതല. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഈ പരിശോധന മുടങ്ങിക്കിടക്കുകയാണ്. പരിശോധന നടക്കാത്തതിനാല്‍ സബ്സിഡിയുടെ നേട്ടം ആര്‍ക്കും കിട്ടുന്നുമില്ല. ചുരുക്കത്തില്‍ സബ്സിഡി തുകയ്ക്ക് കൂടി പലിശ അടയ്ക്കേണ്ട ഗതികേടിലാണ് സംരംഭകര്‍. കേരളത്തില്‍ മാത്രം 6500 പേര്‍ സബ്സിഡിക്കായി കാത്തിരിക്കുന്നതായാണ് കണക്ക്.


കേന്ദ്ര സര്‍ക്കാരിനു കീഴിലെ ഖാദി ആന്‍ഡ് വി‍ല്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല. ജില്ലാ വ്യവസായ കേന്ദ്രങ്ങളടക്കം പദ്ധതിക്കാവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കുന്നുമുണ്ട്. പദ്ധതിയില്‍ പ്രതിസന്ധി ഉണ്ടെന്ന കാര്യം ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ സമ്മതിച്ചു. ഇന്‍സ്പെക്ഷന്‍ നടത്തിയിരുന്ന ഏജന്‍സിയെ മാറ്റി പുതിയ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ടെന്നും പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് സബ്സിഡി കിട്ടിത്തുടങ്ങുമെന്നും ഖാദി കമ്മീഷന്‍ പ്രതിനിധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പന്തീരാങ്കാവ് കേസ്; ട്വിസ്റ്റുകള്‍ക്കിടെയും നിര്‍ണായക നീക്കവുമായി പൊലീസ്, അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios