ഭാവഗായകൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; 'വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും'

ഇന്നലെ അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ മരണത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Prime Minister Narendra modi on Singer P Jayachandran demise

ദില്ലി: മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രൻ്റെ വിയോഗത്തിൽ ദുഖമുണ്ടെന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും 5 തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും പിന്നണി ഗായകനുള്ള തമിഴ്‌നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചിരുന്നു. 1965 ൽ മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹത്തിൻ്റെ ശബ്ദമാധുര്യം തെന്നിന്ത്യൻ ഭാഷയിലാകെ സംഗീത ആസ്വാദകരെ തഴുകി. പതിഞ്ഞ ഭാവത്തിലെ പാട്ടുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്പോഴും പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം കൂടിയായിരുന്നു ജയചന്ദ്രന്റേത്. 

Latest Videos
Follow Us:
Download App:
  • android
  • ios