ഒപ്പമുണ്ട്, പണം തടസമാകില്ല, നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
കൽപ്പറ്റ: വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ദില്ലിയിലേക്ക് മടങ്ങി. മുൻ നിശ്ചയിച്ചതിനേക്കാൾ2 മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവിട്ടതിന് ശേഷമാണ് മോദിയുടെ മടക്കം.
കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതര്‍ക്ക് നൽകും. ദുരിതബാധിതര്‍ക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.
ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ അവലോകന പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാഥമിക സഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്ന് പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുണ്ടക്കൈയിലെ ദുരന്തവ്യാപ്തി ദുരന്തമേഖലകളിൽ നേരിട്ടെത്തി പ്രധാനമന്ത്രി കണ്ടറിഞ്ഞു. ഉരുളെടുത്ത വെള്ളാർമല സ്കൂൾ പ്രദേശം നടന്നു കണ്ടു. ബെയ്‍ലി പാലത്തിലും മോദിയെത്തി. ഗവർണ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ജില്ലാ കളക്ടറുമടക്കം ഒപ്പമുണ്ടായി. സര്‍വ്വതും നഷ്ടപ്പെട്ടവരെ ക്യാമ്പിലെത്തിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയും പ്രധാനമന്ത്രി കണ്ട് ആശ്വസിപ്പിച്ചു.