'പണം വാഗ്ദാനം ചെയ്തു, സംസാരിച്ചത് രഞ്ജിത്തുമായി അടുപ്പമുള്ളയാൾ'; പീഡന പരാതി പിൻവലിക്കാൻ സമ്മർദമെന്ന് യുവാവ്

രഞ്ജിത്തുമായി അടുപ്പമുള്ളയാൾ ചർച്ച നടത്തിയെന്നും പരാതി പിൻവലിക്കാൻ വലിയ തുക വാഗ്ദാനം ചെയ്തെന്നുമാണ് വെളിപ്പെടുത്തൽ. കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി. 

pressure to withdraw sexual assault complaint against director ranjith promised huge amount says young man

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദമെന്ന് പരാതിക്കാരനായ യുവാവ്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകി. 

രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതി നൽകിയതിന് പിറകെ ഫോൺ വഴിയും നേരിട്ടും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. രഞ്ജിത്തുമായി അടുപ്പമുള്ളയാൾ ചർച്ച നടത്തിയെന്നും പരാതി പിൻവലിക്കാൻ വലിയ തുക വാഗ്ദാനം ചെയ്തെന്നുമാണ് വെളിപ്പെടുത്തൽ. ഇക്കാര്യം വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് പരാതി നൽകി.

"ഈ കേസിൽ നിന്ന് ഞാൻ പിന്മാറണം എന്നാണ് ആവശ്യം. ജോലിക്കാണെങ്കിലും ഭാവിക്കാണെങ്കിലും ഒരു ബുദ്ധിമുട്ടും വരില്ല എന്ന രീതിയിലായിരുന്നു സംസാരം. സംസാരിക്കുന്നതിനിടയിൽ രഞ്ജിത്ത് വിളിക്കുന്നത് എനിക്ക് കാണാൻ പറ്റി. രഞ്ജിത്തിന്‍റെ അഭിഭാഷകനുമായും അവർ സംസാരിക്കുന്നുണ്ടായിരുന്നു. അവർ പറയുന്ന തരത്തിലുള്ള ഇ മെയിൽ ഡിജിപിക്ക് അയക്കണം എന്നാണ് പറഞ്ഞത്"- യുവാവ് പറഞ്ഞു. 

യുവാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ രഞ്ജിത്തിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും തനിക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നതായി യുവാവ് പരാതി നൽകിയിട്ടുണ്ട്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയ ശേഷം സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. ബെംഗളൂരു താജ് ഹോട്ടലിൽ എത്തിയ തന്നോട് പുറകു വശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് പറഞ്ഞത്.

നേരത്തെ ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരായ കേസിൽ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലായിരുന്നു നടപടി.പാലേരി മാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ തന്നെ ലൈം​ഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios