ആർഎസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാരിന് സമ്മർദം കനക്കുന്നു

സിപിഐ ഉൾപ്പെടെ ഇടത് മുന്നണിയിലെ തന്നെ ഘടകകക്ഷികൾ ശബ്ദം ഉയർത്തിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ പിന്തുണച്ച് വരികയായിരുന്നു. വിജിലൻസ് അന്വേഷണം വന്നതോടെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായും കഴിയില്ല.

pressure to Chief Minister pinarayi vijayan on replaced adgp m r ajith kumar after vigilance inquiry

തിരുവനന്തപുരം: എം ആർ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റാൻ സര്‍ക്കാരിന് മേൽ സമ്മർദ്ദമേറി. ഡിജിപി നേരത്തെ മുതൽ ശക്തമായി ആവശ്യപ്പെട്ടിട്ടും സിപിഐ ഉൾപ്പെടെ ഇടത് മുന്നണിയിലെ തന്നെ ഘടകകക്ഷികൾ ശബ്ദം ഉയർത്തിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ പിന്തുണച്ച് വരികയായിരുന്നു. വിജിലൻസ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായും കഴിയില്ല.

എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം സർക്കാരിനെപ്പെടുത്തിയിരിക്കുന്നത് ഗുരുതര പ്രതിസന്ധിയിലാണ്. പി വി അന്‍വറിന്‍റെ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയര്‍ന്നതാണ്. കേസ് അട്ടിമറിക്കൽ, കള്ളക്കടത്ത് സംഘവുമായുള്ള ബന്ധം, ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിങ്ങനെ അജിത് കുമാറിനെതിരെ ഉയർന്നത് 14 ആരോപണങ്ങളാണ്. തൊട്ടുപിന്നാലെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയും ഡിജിപി മുമ്പാകെ എത്തി. കവടിയാറിൽ ഭൂമി വാങ്ങി,ആഢംബർ വീട് നിര്‍മിക്കുന്നു, ബന്ധുക്കൾക്ക് വേണ്ടി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിൽ പ്രാഥമികഅന്വഷണം നടത്താന അനുമതി തേടി ഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. 

പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതെല്ലാം ഇടതുമുന്നണിയിൽ തന്നെ വലിയ വിള്ളലുണ്ടാക്കി. സിപിഐയും എൻസിപിയും ഉള്‍പ്പെടെ അജിത് കുമാറിനെ മാറ്റണമെന്ന് എല്‍ഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിൽ പറയാനും സിപിഐ നേതൃത്വം മടിച്ചില്ല. അനന്തമായി കാത്തിരിക്കാനാവില്ലെന്നു വരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. എന്നാൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട് വരാതെ എങ്ങനെ നടപടി എടുക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഐ മുഖപത്രത്തിലെ ലേഖനത്തിലടെ ദേശയീ നിര്‍വാഹകസമിതി അംഗം പ്രകാശ് ബാബു, പാർട്ടി ഇക്കാര്യത്തിൽ പിറകോട്ടില്ലെന്നും അജിത് കുമാറിനെ മാറ്റിയേ പറ്റൂ എന്നും ആവശ്യപ്പെട്ടു. ഇതും വലിയ വിവാദമായതോടെയാണ് ഇന്നലെ രാത്രിയോടെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നത്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ ഇരുത്തി അജിത് കുമാറിനെതിരെ എങ്ങിനെ വിജിലൻസ് അന്വേഷണം നടത്താൻ കഴിയും എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം. ധാര്‍മികമായും അജിത് കുമാറിനെ സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്കും കഴിയില്ല. അത് കൊണ്ട് തന്നെ അജിത് കുമാറനെ പദവിയിൽ നിന്ന് മാറ്റിയുള്ള തീരുമാനം വൈകാതെ ഉണ്ടായേക്കും. അജിത് കുമാറിന്‍റെ ആർ എസ് എസ് ബന്ധം സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഇത് വരെ ഒരു അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios