പ്രസാഡിയോയുടെ വരുമാനം 500 മടങ്ങ് വളർത്തിയത് സർക്കാർ പദ്ധതികൾ! സിപിഎമ്മിന് തെരഞ്ഞെടുപ്പ് സംഭാവന 20 ലക്ഷം

മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യ പിതാവുമായി കമ്പനി ഒന്നിലേറെ വട്ടം ഇടപാടുകൾ നടത്തിയതായും രേഖകൾ തെളിയിക്കുന്നു.

presadio technologies company md surendra kumar donates 20 lakhs for cpm election fund apn

തിരുവനന്തപുരം : റോഡിലെ ക്യാമറ ക്രമക്കേടിൽ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. കമ്പനി മാനേജിംഗ് ഡയറക്ടർ സുരേന്ദ്രകുമാർ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് 20 ലക്ഷം രൂപ സംഭാവന നൽകിയതിന്റെ രേഖകളും പുറത്ത് വന്നു. കമ്പനിയുടെ 99.5 ശതമാനം ഓഹരികളും എംഡി സുരേന്ദ്രകുമാറിന്റെ പേരിലാണുള്ളത്. ചർച്ചകൾക്ക് നേതൃത്വം നൽകിയ രാംജിത്തിന്റെ പേരിലുള്ളത് ദശാംശം 5% ഓഹരികൾ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യ പിതാവുമായി കമ്പനി ഒന്നിലേറെ വട്ടം ഇടപാടുകൾ നടത്തിയതായും രേഖകൾ തെളിയിക്കുന്നു.

ഒമാനിൽ വ്യവസായിയായ പത്തനംതിട്ട തുമ്പമൺ സ്വദേശി സുരേന്ദ്രകുമാർ കോഴിക്കോട് ആസ്ഥാനമായി 2018ൽ പ്രസാഡിയോ എന്ന പേരിൽ കമ്പനി തുടങ്ങിയതിനു പിന്നിലെ താൽപര്യം എന്ത് ? കമ്പനിയുടെ ഡയറക്ടറായി എത്തിയ കോഴിക്കോട് സ്വദേശി രാoഞ്ജിത്തിന് സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ആയത് എങ്ങനെ ?കമ്പനി പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്താനായത് എങ്ങനെയെല്ലാം ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങളാണ് രേഖകളായി പുറത്തുവരുന്നത്. കമ്പനി എംഡി സുരേന്ദ്രകുമാറിന് സർക്കാരുമായും വിശേഷിച്ച് സിപിഎം നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഇതിൽ പ്രധാനം,

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രകുമാർ സിപിഎമ്മിന് സംഭാവനയായി നൽകിയത് 20 ലക്ഷം രൂപയുടെ സംഭാവനയാണ്. സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകളിൽ കേരളത്തിൽനിന്ന് പാർട്ടിക്ക് സംഭാവന നൽകിയവരുടെ പട്ടികയിൽ 149 മതായി സുരേന്ദ്രകുമാറിന്റെ പേര് കാണാം. സർക്കാർ പദ്ധതികളുടെ നടത്തിപ്പ് വഴി കമ്പനി ഒൻപത് കോടിയോളം രൂപയുടെ വരുമാനം നേടിയ വർഷം തന്നെയായിരുന്നു ഈ സംഭാവന നൽകിയതെന്നതും ശ്രദ്ധേയമാണ്. 

കമ്പനി പ്രവർത്തനം ആരംഭിച്ച് മൂന്നുവർഷത്തിനകം മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യ പിതാവ് പ്രകാശ് ബാബുവുമായി നടത്തിയ രണ്ട് ഇടപാടുകളാണ് മറ്റൊരു തെളിവ്. 2019 - 20 കാലയളവിൽ എറണാകുളത്തെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച വകയിൽ 50,000 രൂപ പ്രകാശ് ബാബുവിന് വാടക നൽകിയ കമ്പനി 2020 -21 കാലയളവിൽ 'ട്രേഡ് പേയബിൽ' എന്ന ഹെഡിൽ ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ നൽകിയ കാര്യവും കമ്പനികാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതായത് തുടർച്ചയായി രണ്ടു വർഷമാണ് പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മിൽ ഇടപാട് നടന്നത്. എന്നാൽ ഈ ഇടപാട് എന്തെന്ന് കമ്പനിയോ പ്രകാശ് ബാബുവോ വ്യക്തമാക്കിയിട്ടില്ല. പ്രകാശ് ബാബുവുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രസാഡിയോ എംഡി
സുരേന്ദ്രകുമാറിന്റെ കൈവശമാണ് കമ്പനിയുടെ 99 ദശാംശം 5% ഓഹരികളും എന്ന് കമ്പനി സമർപ്പിച്ച രേഖകൾ പറയുന്നു. ക്യാമറ ചർച്ചകൾക്ക് നേതൃത്വം നൽകിയ കോഴിക്കോട് സ്വദേശിയും കമ്പനി ഡയറക്റുമായ രാംജിത്തിന്റെ പേരിൽ ഉള്ളത് ദശാംശം 5% ഓഹരികൾ മാത്രം. കോഴിക്കോട്ടെ ഒരു കാർ ഷോറൂമിൽ ജീവനക്കാരനായിരുന്ന രാഞ്ജിത്ത് കോടികൾ വരുമാനം ഉണ്ടാക്കിയ പ്രസാദിയോയുടെ ഡയറക്ടറായി മാറിയത് എങ്ങനെ എന്ന് ചോദ്യവും ബാക്കി.

എഐ ക്യാമറ ഇടപാട്: പ്രസാഡിയോ കമ്പനിയുടെ കോഴിക്കോട് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

സേഫ് കേരള പദ്ധതിയുടെ തുടക്കം മുതൽ പ്രസാദിയോ പങ്കാളി ആയിരുന്നുവെന്നും സ്ഥാപനത്തിൻറെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയ്ക്ക് കരുത്ത് പകർന്നത് സർക്കാർ പദ്ധതികൾ ആയിരുന്നു എന്നും കമ്പനി കാര്യമന്ത്രാലയത്തിന് സമർപ്പിച്ച രേഖകളിൽ ഉണ്ട്.മിഡിലീസ്റ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈമറ എന്ന കമ്പനിയിൽ നിന്നാണ് പ്രസാദിയോ ഏറ്റവുമധികം ഉപകരണങ്ങൾ വാങ്ങിച്ചത് എന്നും രേഖകൾ വ്യക്തമാക്കുന്നു. ചുരുക്കത്തിൽ സേഫ് കേരള പദ്ധതി തുടങ്ങുന്നതിന് തൊട്ടുമുൻപ് രൂപം കൊണ്ട കമ്പനികൾ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ അത്രയും നടന്നത് എന്ന് വ്യക്തം. 

 

Latest Videos
Follow Us:
Download App:
  • android
  • ios