പരീക്ഷ കഴിഞ്ഞു, കെഎസ്ആർടിസിയിൽ അടിയേറ്റ് ആശുപത്രിയിലായ പപ്പയെ കാണാൻ മകളെത്തി; 'നന്നായി എഴുതാൻ പറ്റിയില്ല'
തന്നെയും പിടിച്ചുതള്ളിയെന്നും ഉന്തുകയും തള്ളുകയും ചെയ്തെന്നും മകൾ വിവരിച്ചു. പപ്പയെ നന്നായി തല്ലി, വയ്യാണ്ടായപ്പോൾ ആരോ പറഞ്ഞിട്ടാ അടി നിർത്തിയതെന്നും മകൾ കൂട്ടിച്ചേർത്തു
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയപ്പോൾ അക്രമമേറ്റ് ആശുപത്രിയിലായ അച്ഛനെ കാണാൻ പരീക്ഷ കഴിഞ്ഞയുടനെ മകൾ ഓടിയെത്തി. തനിക്കൊപ്പം കൺസഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെ ജീവനക്കാർ കൂട്ടം ചേർന്ന് തല്ലി ചതയ്ക്കുന്നത് കണ്ടതിന്‍റെ ഷോക്കിലാണ് മകൾ ഉച്ചയ്ക്ക് ബിരുദ പരീക്ഷ എഴുതാൻ പോയത്. കേണപേക്ഷിക്കാൻ ഒരുങ്ങുമ്പോഴും അവർ തല്ലുകയായിരുന്നുവെന്നും തന്നെയും തല്ലിയേനെയെന്നും അടിയേറ്റ പ്രേമനന് ഒപ്പമുണ്ടായിരുന്ന മകൾ ആശുപത്രിയിലെത്തിയ ശേഷം വ്യക്തമാക്കി. കൺസെഷൻ എടുക്കാൻ പോയ സമയത്ത് കോഴ്സ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള എന്തേ തർക്കമാണ് ജീവനക്കാരെ ചൊടിപ്പിച്ചതെന്നും പപ്പയെ ഒരുപാട് ഉപദ്രവിച്ചെന്നും മകൾ വാക്കുകൾ ഇടറികൊണ്ട് പറഞ്ഞു. തന്നെയും പിടിച്ചുതള്ളിയെന്നും ഉന്തുകയും തള്ളുകയും ചെയ്തെന്നും മകൾ വിവരിച്ചു. പപ്പയെ നന്നായി തല്ലി, വയ്യാണ്ടായപ്പോൾ ആരോ പറഞ്ഞിട്ടാ അടി നിർത്തിയതെന്നും മകൾ കൂട്ടിച്ചേർത്തു. അച്ഛനെ മർദ്ദിചത് കണ്ട ശേഷം നേരെ ചൊച്ചെ പരീക്ഷ പോലും എഴുതാനായില്ലെന്നും ആശുപത്രിയിൽ വച്ച് കുട്ടി പറഞ്ഞു. പരീക്ഷ എഴുതിയതിന് ശേഷം കാട്ടാക്കട ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് കാര്യങ്ങൾ വിവരിച്ചത്.
കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് അച്ഛന് മര്‍ദ്ദനം; അഞ്ചിലേറെ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കേസ്
അതേസമയം കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അഞ്ചിലേറെ കെ എസ് ആര്‍ ടി സി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കാട്ടാക്കട പൊലീസാണ് കൂട്ടം ചേർന്ന് മർദ്ദിച്ച ജീവനക്കാർക്കെതിരെ കേസെടുത്തത്. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും പിടിച്ചുതള്ളി. സംഭവത്തില്‍ ഹൈക്കോടതി ഇടപെടുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റമായി. വെറുതെയല്ല കെ എസ് ആർ ടി സി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമന് പരിക്കേറ്റു.