ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓർമ്മയില്ലെന്നും പ്രയാഗ മാർട്ടിൻ;'ഹോട്ടലിൽ പോയത് എന്റെ സുഹൃത്തുക്കളെ കാണാൻ'
ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെയാണ് നടിയുടെ പ്രതികരണം.
കൊച്ചി : കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനെന്ന് പ്രയാഗ മാർട്ടിൻ. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലെ ചോദ്യം ചെയ്യലിന് പിന്നലെയാണ് നടിയുടെ പ്രതികരണം. 'ലഹരിപ്പാർട്ടിയെ കുറിച്ച് അറിഞ്ഞില്ല. ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓംപ്രകാശമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയില്ല. എന്തിന് ഹോട്ടലിലെത്തിയെന്നടതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രയാഗ വിശദീകരിച്ചു.
കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ഇന്ന് നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലഹരിക്കേസുമായി ബന്ധപ്പെട്ട് രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി സ്റ്റേഷനിലെത്തിയത്. ഓം പ്രകാശിനെ അറിയില്ലെന്നാണ് ശ്രീനാഥ് ഭാസി മൊഴി നൽകിയത്. ബിനു ജോസഫിനൊപ്പമാണ് ഹോട്ടൽ മുറിയിൽ എത്തിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടൻ മൊഴി നൽകിയതായാണ് വിവരം. കേസിൽ ഇന്നലെ ഗുണ്ടാ നേതാവായ തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിന്റെ ഫോൺ പരിശോധനയിൽ തമ്മനം ഫൈസളിന്റെ ഫോൺ നമ്പർ കണ്ടതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.