റാണയുടെ അക്കൗണ്ട് കാലി, പണത്തിനായി വിവാഹമോതിരം വിറ്റു; ഒളിവിൽ കഴിഞ്ഞ ക്വാറിയുടെ ചിത്രങ്ങൾ പുറത്ത്
പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലർത്തിയെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്.
തൃശ്ശൂർ: അസാധ്യതുക പലിയ ഇനത്തിൽ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രവീൺ റാണയുടെ അക്കൗണ്ടിൽ ഇപ്പോൾ പത്ത് പൈസയില്ലെന്ന് വിവരം. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ ആണ് ഇക്കാര്യം പ്രവീൺ റാണ പറഞ്ഞതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലിൽ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവിൽ പോകാനുള്ള പണം സ്വരൂപിച്ചത്.
പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലർത്തിയെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്. ഒടുവിൽ കോയമ്പത്തൂരെത്തി വിവാഹ മോതിരം വിറ്റ് പണം കണ്ടെത്തി. പൊള്ളാച്ചിയിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് 75,000 രൂപയാണെന്നും റാണ പറയുന്നു. സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി റാണ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് അംഗരക്ഷകരെ കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് എത്തിയതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെട്ട റാണയെ സുഹൃത്തുക്കൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറക്കി. അവിടെ നിന്നും ബസിൽ ഇയാൾ അങ്കമാലി എത്തി. അങ്കമാലിയിൽ നിന്നും ബന്ധുവായ പ്രജിത്തിൻ്റെ കാറിലാണ് പൊള്ളാച്ചിയിലേക്ക് പോയത്. ജനുവരി ഏഴിനെ പുലർച്ചെയാണ് ഇയാൾ കൊച്ചിയിൽ നിന്നും പൊള്ളാച്ചിയിലേക്ക് കടന്നത്. പൊള്ളാച്ചിയിൽ റാണ ഒളിവിൽ കഴിഞ്ഞ ക്വാറിയുടെ ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.
- സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ്: മുഖ്യപ്രതി പ്രവീൺ റാണ കോയമ്പത്തൂരിൽ പിടിയിൽ
-
നിക്ഷേപ തട്ടിപ്പ്: പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍, ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു
-
നിക്ഷേപ തട്ടിപ്പ്: ഫ്ലാറ്റിൽ നിന്ന് മുങ്ങി പ്രവീൺ റാണ, കൊച്ചിയിൽ നിന്ന് നാല് വാഹനങ്ങൾ പിടിച്ചെടുത്തു