ബിജെപിയെ വീണ്ടും വെട്ടിലാക്കി പ്രസീത അഴീക്കോട്; എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ടു
സി കെ ജാനു വിളിച്ചെന്നും എല്ലാം ശരിയാക്കിയെന്നും എം ഗണേഷ് ശബ്ദരേഖയില്‍ പറയുന്നു. തെളിവുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയെന്ന് പ്രസീത.
കണ്ണൂർ: ബിജെപി സംഘടന സെക്രട്ടറി എം ഗണേഷുമായുള്ള ശബ്ദരേഖ കൂടി പുറത്തുവിട്ട് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നത് നേരത്തെ പുറത്തുവന്നിരുന്നു.
സികെ ജാനുവിന് കെസുരേന്ദ്രൻ തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും ബത്തേരിയിൽ വച്ച് 25 ലക്ഷം രൂപയും നൽകിയെന്ന് പ്രസീത അഴീക്കോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തെളിയിക്കാൻ പല ഘട്ടങ്ങളിലായി സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പ്രസീത പുറത്ത് വിട്ടു. ബത്തേരിയിൽ വച്ച് പണം നൽകിയത് ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് മുഖേനെയാണെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച പ്രസീത ഇപ്പോൾ ഗണേഷുമായുള്ള സംഭാഷണവും പുറത്തുവിട്ടു.
മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങൾ എന്ന വ്യാജേനെ ജാനുവിന് നൽകിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. കിട്ടിയ പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് പകരം സി കെ ജാനു സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിയെന്നും പ്രസീത പറയുന്നു. കോഴ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കൈമാറിയെന്ന് പ്രസീത അറിയിച്ചു.