ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ; അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി
കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും
തിരുവനന്തപുരം: ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും. ലൈറ്റ് മാസ്റ്റർ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏൽപിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു.
കൺസോർഷ്യം സൂം മീറ്റിംഗിൽ പ്രസാഡിയോ ഡയറക്ടർ രാംജിത്തിനൊപ്പം മറ്റൊരാൾ കൂടി പങ്കെടുത്തെന്ന് ലൈറ്റ് മാസ്റ്റർ എംഡി ജെയിംസ് പാലമുറ്റം ന്യൂസ് അവറിൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു. അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും ജെയിംസ് പാലമുറ്റം ന്യൂസ് അവറിൽ പറഞ്ഞു. 'ഏഴ് പേരാണ് സൂം മീറ്റിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ മാത്രം മിണ്ടാതെ ഇരുന്നു. അയാളെക്കുറിച്ച് ചോദിച്ചപ്പോൾ കൈ വീശിക്കാണിക്കുക മാത്രമാണ് ചെയ്തത്. പിന്നീട് രാംജിത്താണ് പറഞ്ഞത് അത് ഒരു വെൽവിഷറാണ് കുഴപ്പമില്ല എന്ന്. അതിൽ കൂടുതൽ എനിക്കറിയില്ല. പേര് പറഞ്ഞില്ല.' എന്നായിരുന്നു ജയിംസ് പാലമുറ്റത്തിന്റെ വെളിപ്പെടുത്തൽ.