കൊവിഡ് ഭേദമായവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ, അവയവങ്ങളെ ബാധിക്കുന്നു, ആശങ്കയായി പരിശോധനാ ഫലങ്ങൾ

കൊവിഡ് വന്നു ഭേദമായ ഗർഭിണികളെയും നവജാത ശിശുക്കളെയും പ്രത്യേകം നിരീക്ഷിക്കും. സമഗ്രമായ പഠനത്തിലൂടെ വ്യക്തമായ ചിത്രം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമം. വിശദമായ പഠനത്തിനൊപ്പം, കൊവിഡ് മുക്തരുടെ മരണം പ്രത്യേകം കണക്കെടുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

post covid syndrome Serious health problems diagnosed

തിരുവനന്തപുരം: കൊവിഡ് ഭേദമായവരിലുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വ്യക്തമാക്കി പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലെ പ്രാഥമിക പരിശോധനാ ഫലങ്ങൾ. വയനാട്ടിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായവരിൽ 7 പേർക്ക് ഗുരുതര ശ്വാസകോശ പരിക്കുകൾ കണ്ടെത്തി. 5 പേരിൽ കാഴ്ച്ച പ്രശ്നങ്ങൾ വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ പഠനത്തിനൊപ്പം, കൊവിഡ് മുക്തരുടെ മരണം പ്രത്യേകം കണക്കെടുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാമെന്ന് നേരത്തേ മുന്നറിയിപ്പുള്ള കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണ് വിവരങ്ങൾ. വയനാട്ടിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയരായ 140 പേരിൽ നൂറിലധികം പേർക്കും അമിതമായ ക്ഷീണം. ഒപ്പം ശ്വാസംമുട്ടും കിതപ്പുമുള്ളവരുണ്ട്. ഇതിൽ 7 പേർക്ക് ശ്വാസകോശത്തെ സാരമായി ബാധിച്ച ലംഗ് ഫൈബ്രോസിസ് കണ്ടെത്തി. 2 പേരെ മെഡിക്കൽ കോളേജിൽ വിദഗ്ദ ചികിത്സയ്ക്കായി റഫർ ചെയ്തു. പ്രമേഹ ബാധിതരായിരുന്ന കൊവിഡ് മുക്തരിലാണ് കൊവിഡിന് ശേഷം കാഴ്ച്ച പ്രശ്നങ്ങൾ വർധിച്ചതായുള്ള പ്രാഥമിക കണ്ടെത്തൽ.

പുതിയ സാഹചര്യത്തിൽ കൊവിഡ് വന്നുഭേദമായി പിന്നീട് മരിച്ചവരുടെയും വിശദമായ കണക്കെടുക്കും. കൊവിഡ് മുക്തനായ ശേഷം ഗുരുതരാവസ്ഥയിലെത്തി യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ പി ബിജുവിന്റെ മരണം വലിയ ചർച്ചയായിരുന്നു. കൊവിഡ് വന്നു ഭേദമായ ഗർഭിണികളെയും നവജാത ശിശുക്കളെയും പ്രത്യേകം നിരീക്ഷിക്കും. സമഗ്രമായ പഠനത്തിലൂടെ വ്യക്തമായ ചിത്രം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമം.

Latest Videos
Follow Us:
Download App:
  • android
  • ios