പാട്ടാണ് കൂട്ട്; ആദിത്യയും ഒപ്പം അമ്മയുമച്ഛനും നടന്ന വഴികളിൽ കൈപിടിച്ച അതിജീവനത്തിന്റെ സംഗീതം...
ഏതൊരച്ഛനേയും അമ്മയേയും പോലെ സുരേഷും രഞ്ജിനിയും അന്ന് ഒരുപാട് വേദനിച്ചു. സ്വന്തം കൈതട്ടിപ്പോലും കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടുണ്ട് എന്ന് രഞ്ജിനി ഓർക്കുന്നു.
പാട്ടെങ്ങനെയാണ് മനുഷ്യന് കൂട്ടായി മാറുന്നത്, കൈപിടിച്ച് നടക്കാനുള്ള വടിയായി മാറുന്നത്, കണ്ണീരിനെയെല്ലാം പൂർണമായും ഇല്ലാതാക്കുന്ന പുഞ്ചിരിയായി മാറുന്നത്? ആദിത്യ സുരേഷ് എന്ന പതിനഞ്ചുവയസുകാരന്റെ ജീവിതം പറഞ്ഞുതരും. അവന്റെ മാതാപിതാക്കളായ സുരേഷും രഞ്ജിനിയും പറഞ്ഞുതരും.
ജനിച്ച് നാല് വയസു വരെ ആദിത്യ എഴുന്നേറ്റിരുന്നില്ല, കമിഴ്ന്ന് കിടന്നില്ല. അങ്ങനെ 'സാധാരണ' കുഞ്ഞുങ്ങൾ ചെയ്യുന്ന ഒന്നും ആദിത്യ തന്റെ നാല് വയസു വരെ ചെയ്തില്ല. ജനിച്ച് ബിസിജി എടുക്കുന്ന സമയത്ത് തന്നെ കുഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. കരച്ചിലിന്റെ കാരണമറിയാൻ പീഡിയാട്രിഷൻ വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിന്റെ ഒരു കയ്യിൽ ഫ്രാക്ചർ കാണുന്നത്. എന്തുകൊണ്ടാണിത് എന്നറിയാനായിട്ടാണ് അവനെ അമൃതയിൽ കൊണ്ടുപോകുന്നത്. അവിടെവച്ച് 'ഓസ്റ്റിയോ ജനസസ് ഇംപെര്‍ഫെക്ട്' എന്ന അപൂർവാവസ്ഥയാണ് തങ്ങളുടെ കുഞ്ഞിനെന്ന് മാതാപിതാക്കൾ തിരിച്ചറിയുകയായിരുന്നു. എല്ലുകൾക്ക് ബലക്കുറവായത് കാരണം അവ ഒടിയുന്ന അവസ്ഥയായിരുന്നു ഇത്. തങ്ങളുടെ പൊന്നോമനയെ സ്നേഹത്തിൽ കെട്ടിപ്പിടിക്കാൻ പോലും പിന്നെ വീട്ടുകാർക്കായില്ല.
ഏതൊരച്ഛനേയും അമ്മയേയും പോലെ സുരേഷും രഞ്ജിനിയും അന്ന് ഒരുപാട് വേദനിച്ചു. സ്വന്തം കൈതട്ടിപ്പോലും കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടുണ്ട് എന്ന് രഞ്ജിനി ഓർക്കുന്നു. വളരെ വളരെ കരുതലോടെ വേണമായിരുന്നു കുഞ്ഞാദിത്യയെ നോക്കാൻ. എവിടെയും ഒന്ന് തട്ടാതെ, മുട്ടാതെ, ഒരു പൂവിതളിനെപ്പോലെ സൂക്ഷ്മമായി അമ്മയുമച്ഛനും ആദിത്യയെ കരുതി.
എന്നാൽ, കുഞ്ഞുനാളിലെ അവനൊരു കൂട്ടുകാരനുണ്ടായി, ആരും വിളിക്കാതെ കയറിവന്നൊരു തോഴൻ, അത് സംഗീതമായിരുന്നു. വെറുതെ കിടക്കുന്ന നേരത്തെല്ലാം അവനും ടിവിയിൽ കേൾക്കുന്ന പാട്ടുകൾക്കൊപ്പം പാടി. അന്നൊന്നും അച്ഛനോ അമ്മയ്ക്കോ അവൻ ഇത്ര നന്നായി പാടുമെന്നോ പാട്ടുവഴിയിലൂടെ ഇത്രയും ദൂരം സഞ്ചരിക്കുമെന്നോ ഒന്നും അറിയില്ലായിരുന്നു.
എന്നാൽ, നാല് വയസൊക്കെ കഴിഞ്ഞ് ആദിത്യ എഴുന്നേറ്റിരുന്നു തുടങ്ങി. അച്ഛനും അമ്മയും അവന് കരുത്ത് പകർന്ന് കൂടെ നിന്നു. അപ്പോഴും അവൻ പാട്ട് കേൾക്കുമ്പോൾ കൂടെപ്പാടുന്നത് തുടർന്നു. അപ്പോഴാണ് അച്ഛനും അമ്മയും പാട്ടിലെ അവന്റെ ഈണവും താളവും തിരിച്ചറിഞ്ഞത്. പക്ഷേ, അന്നൊന്നും അവനെ പഠിക്കാൻ വിടാൻ കഴിഞ്ഞില്ല. എന്നാൽ, ഇങ്ങനെ പാടുന്നൊരു കുഞ്ഞിനെ എങ്ങനെ പരിശീലിപ്പിക്കാതിരിക്കും? ഇപ്പോൾ അഞ്ച് വർഷമായി ആദിത്യൻ സംഗീതം പഠിക്കാൻ തുടങ്ങിയിട്ട്. പാടിത്തുടങ്ങിയ ശേഷം അമ്പലത്തിലും മറ്റുമായി അനവധി വേദികളും ആദിത്യനെ തേടിയെത്തി. റിയാലിറ്റി ഷോകളിലും പങ്കെടുത്തതിനാൽ തന്നെ ഇന്ന് ആദിത്യനെ ഒട്ടുമിക്കവർക്കും പരിചയമാണ്. പാട്ടിലൂടെ അവൻ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ എന്നോ ചേക്കേറിക്കഴിഞ്ഞു.
കൊവിഡ് കാലത്ത് വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ടുകൾ ആദിത്യയ്ക്കും അച്ഛനും അമ്മയ്ക്കുമുണ്ടായിരുന്നു. എന്നാൽ, സാമൂഹികമാധ്യമം അവിടെയവന് കൂട്ടായി. ആ സമയത്ത് പാടിയ 'മലരേ മൗനമാ...' അന്ന് കണ്ടത് ലക്ഷങ്ങളാണ്. അതോടെ, ജയസൂര്യയും ഹരീഷ് കണാരനും അടക്കമുള്ള അനേകം പേർ അവരുടെ പേജുകളിൽ ആദിത്യയുടെ പാട്ട് ഷെയർ ചെയ്തു. അങ്ങനെ, എല്ലാവരുമെന്ന പോലെ അറിയുന്ന ഗായകനായി മാറുകയായിരുന്നു ആദിത്യ.
സ്കൂൾ കലോത്സവവേദിയിൽ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും പദ്യവുമായി ആദിത്യയെത്തിയപ്പോൾ അതുകൊണ്ട് തന്നെ കാത്തുനിൽക്കാനുണ്ടായിരുന്നത് അനവധി ആരാധകരാണ്. കൊല്ലം, നെടിയവിള അംബികോദയം ബി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയായ ആദിത്യ ഹയർ സെക്കൻഡറി വിഭാഗം പദ്യം ചൊല്ലൽ മത്സരത്തിൽ എ ഗ്രേഡുമായാണ് കോഴിക്കോട് നിന്നും കൊല്ലത്തേക്ക് തിരികെ പോയത്.
വളരെ പൊസിറ്റീവായ കുട്ടിയാണ് ആദിത്യയെന്ന് അമ്മ രഞ്ജിനി പുഞ്ചിരിയോടെ പറയുന്നു. ആ പുഞ്ചിരി അവർക്ക് നൽകിയത് ആദിത്യയെന്ന കൺമണി തന്നെയാണ്. തങ്ങളെന്തെങ്കിലും വിഷമം പറഞ്ഞാൽ പോലും ആദിത്യയാണ് തങ്ങളെക്കൂടി പിന്തുണക്കുന്നതെന്നാണ് അമ്മ പറയുന്നത്. 'ഇതൊന്നും ഒരു കാര്യമില്ല' എന്നാണ് ആദിത്യ പറയുന്നത്. അത് തന്നെയാണ് ആദിത്യയുടെ മാതാപിതാക്കൾക്കും പറയാനുള്ളത്, 'ഭിന്നശേഷിക്കാരായ കുട്ടികളാണ് എങ്കിൽ നിങ്ങളവരെ മാറ്റിനിർത്തരുത്, അവരെ പുറത്ത് കൊണ്ടുവരികയും അവരുടെ ഉള്ളിലുള്ള കഴിവുകളെ കണ്ടെത്തുകയും ചെയ്യണമെങ്കിൽ നമ്മളും അവരോടൊപ്പം നിൽക്കണം...'
'ശരിക്കൊന്ന് എഴുന്നേരിക്കാൻ പോലും തങ്ങളുടെ കുഞ്ഞിന് വയ്യല്ലോ...' എന്ന് വേദനിച്ച മാതാപിതാക്കളിൽ നിന്നും ആദിത്യയുടെ അച്ഛനും അമ്മയും നടന്ന ദൂരമാണ് അതിന്റെ തെളിവ്. ഇന്ന് തങ്ങൾക്ക് ഒരു വിഷമവുമില്ല, മകന്റെ ആത്മാവിശ്വാസത്തിലൂടെയും ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന പാട്ടിലൂടെയും ജീവിതത്തിന്റെ പുഞ്ചിരികളെ വീണ്ടെടുത്തിരിക്കുന്നു തങ്ങളെന്ന് അവർ നെഞ്ചിൽ കൈവച്ച് പറയുന്നു. ഇനിയും മലയാളക്കര ആദിത്യന്റെ ഒരുപാട് പാട്ടുകൾ കേൾക്കും. ജനങ്ങളതിനെ അതിജീവനമെന്നും ആത്മവിശ്വാസത്തിന്റെ ഈണമെന്നും പേരിട്ട് വിളിക്കും.