'20-ാം വയസിൽ തലതല്ലി പൊട്ടിച്ച പൊലീസുകാരൻ, ഇത്രയും വേണ്ടായിരുന്നു എന്ന്..'; മുൻ എസ്എഫ്ഐ നേതാവിന്‍റെ കുറിപ്പ്
കഥയിലെ നായികയും വില്ലനും കണ്ടുമുട്ടിയ വിവരം ഗീന തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ തന്നെ കാണാൻ വന്നുവെന്ന് ഗീനാ കുമാരി ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന് അത്രയെളുപ്പം മറക്കാൻ സാധിക്കുന്ന പേരല്ല എസ്എഫ്ഐ നേതാവായിരുന്ന ഗീനാ കുമാരിയുടേത്. 1994ലെ വിദ്യാർത്ഥി സമര കാലഘട്ടത്തിന്‍റെ ജ്വലിക്കുന്ന മുഖമായിരുന്നു എസ്എഫ്ഐ നേതാവായിരുന്ന ഗീനാ കുമാരി. സമരത്തിനിടെ പൊലീസ് മർദ്ദനത്തിൽ തല പൊട്ടി ചോരയിൽ കുളിച്ച് നിൽക്കുന്ന ഗീനായുടെ ചിത്രങ്ങൾ അന്ന് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഇന്ന് ആ സംഭവം കഴിഞ്ഞ് 29 വർഷങ്ങൾക്ക് ശേഷം ഗീനായെ മർദിച്ച പോലീസുകാരൻ അവരെ നേരിട്ട് കാണാണാനെത്തി.
കഥയിലെ നായികയും വില്ലനും കണ്ടുമുട്ടിയ വിവരം ഗീന തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്. ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ തന്നെ കാണാൻ വന്നുവെന്ന് ഗീനാ കുമാരി ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാൾ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്. 20-ാം വയസില്‍ തലതല്ലി പൊട്ടിച്ചയാളോട് എന്ത് പറയണമെന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നുവെന്നും ഗീന കുറിച്ചു. എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ. വർഷങ്ങൾക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ. നന്ദി സുഹൃത്തേ എന്ന് കുറിച്ചാണ് ഗീനയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ഗീനാ കുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ എന്നെ കാണാൻ വന്നു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാൾ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്.എന്ത് പറയണമെന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നു. ഇരുപതാം വയസ്സിൽ തലതല്ലി പൊട്ടിച്ചയാൾ.
കുറ്റബോധത്തോടെ ,"ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി, മുപ്പതു വർഷമായി കൊണ്ടുനടക്കുന്ന ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനാണ് വന്നത്". ജോർജ്ജിന്റെ വാക്കുകൾ പതറുകയായിരുന്നു.1994 നവംബർ 15ന് ഉച്ചയ്ക്ക് 12.15 നായ് ജോർജ്ജിന്റെ ലാത്തി എന്റെ നെറ്റിയിലേക്ക് ആഞ്ഞു പതിച്ചത്.
ട്രെയിനിംഗ് കഴിഞ്ഞു ഫീൽഡിൽ ലേക്ക് വന്ന പൊലീസ് തന്റെ ഔദ്യോഗിക കൃത്യനിർവഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയിൽ അടിയുറച്ച് നിന്നിരുന്നു. അതിന്റെ ഫലമായി നേരിട്ട വിഷമതകൾ മാഞ്ഞു പോയിട്ടൊന്നും ഇല്ല.
പൊലീസ് അസോസിയേഷൻ നേതാവ് സി.പി.ബാബുരാജി നൊപ്പം പാലക്കാട് നിന്നാണ് ജോർജ് വന്നത്. ദേശാഭിമാനി ഫോട്ടോഗ്രാഫർ ആയിരുന്നു രാജേന്ദ്രൻ സഖാവിനെയും ഫോണിൽ വിളിച്ച് സംസാരിച്ചു.
മെയ് മാസത്തിൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി നേരിട്ട് കാണണമെന്ന് നേരത്തെ സുബൈദ സഖാവ് Subaida Issac പറഞ്ഞിരുന്നെങ്കിലും ഞാനത് പ്രോത്സാഹിപ്പിച്ചില്ല.
എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ .
വർഷങ്ങൾക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ..
നന്ദി.. സുഹൃത്തേ..